
ഗുരുവായൂരിൽ നാഗസ്വരം തവിൽ സംഗീതോത്സവം

ഗുരുവായൂർ : പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നടന്ന നാലാമത് നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തി സാന്ദ്രമായി.
രാവിലെ അഞ്ചരയോടെ, ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സംഗീതോത്സവം ആരംഭിച്ചത്.

മംഗളവാദ്യം കച്ചേരികൾ വിവിധ കലാകാരന്മാർ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു.തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി.
തുടർന്ന് നടന്ന സമാദരണ സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മം പുരസ്കാരം നാഗസ്വരം വിദ്വാൻ വെട്ടിക്കവല കെ.എൻ ശശികുമാറിനും വിൽ വിദ്വാൻ ഓച്ചിറ ഭാസ്ക്കരനും അദ്ദേഹം സമ്മാനിച്ചു. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാർ വി.കലാധരൻ മുഖ്യപ്രഭാഷണം നടത്തി.

ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും ഗുരുവായൂർ മുരളി ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു. ആറൻമുള ശ്രീകുമാർ ,ചവറ കണ്ണൻ എന്നിവർ പുരസ്കാര സ്വീകർത്താക്കളെ പരിചയപ്പെടുത്തി. അജിത് പേരകം ആശംസ പുരസ്കാര സ്വീകർത്താക്കൾ മറുപടി പ്രസംഗം നടത്തി. പബ്ലിക്കേഷൻ അസി.മാനേജർ കെ. ജി.സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി. സംസ്ഥാന മെമ്പാടുമുള്ള നൂറിലേറെ കലാകാരൻമാർ സംഗീതോത്സവത്തിൽ നാഗസ്വരതവിൽ അർച്ചന നടത്താനെത്തി.
