
ഗുരുവായൂരിൽ മർച്ചന്റ്‌സ് വിളക്കാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മർച്ചൻ്റ്സ് വിളക്കാഘോഷം നടന്നു . ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി നടത്തുന്ന ഈ വിളക്ക് പ്രധാനപ്പെട്ട വിളക്കുകളിൽ ഒന്നാണ്. രാവിലെ കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാരിയരുടെ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് പല്ലാവൂർ ശ്രീധരന്റെ പ്രാമാണ്യ ത്തിൽ പഞ്ചവാദ്യത്തോടെ കാ ഴ്ചശീവേലി ഉണ്ടായി.

സന്ധ്യയ്ക്ക് ശിവറാമിന്റെ തായമ്പക, കിഴക്കെനട ദീപസ്തംഭത്തിന് മുന്നിൽ സന്ധ്യയ്ക്ക് നാണയപ്പറ സമർപ്പണവും നടന്നു. രാത്രി ഏഴിന് ഏകാദശി വിളക്ക് പുരസ്കാരം ചെണ്ട വിദ്വാൻ എരവത്ത് നാരായണ മാരാർക്ക് സമ്മാനിച്ചു.
ഇടയ്ക്ക നാഗസ്വര മേള ത്തോടെ വിളക്കെഴുന്നള്ളിപ്പ് ഉണ്ടായി. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ രാത്രി 10 വരെ വ്യാപാരി കുടുംബങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
രാവിലെ പത്തിന് ചെറുതാഴം വിഷ്ണുരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ ഡബിൾ തായമ്പക, വൈകിട്ട് അഞ്ചിന് ജി.വി. രാമനാഥൻ സംഘത്തിന്റെ സമ്പ്രദായ ഭജന, രാത്രി ഏഴിന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ ‘ ശ്രീ കൃഷ്ണ ഭാരതം’ അരങ്ങേറി. രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ വിളക്കിനോടനുബന്ധിച്ച് രുഗ്മിണി റീജൻസിയിൽ അന്നദാനവും ഉണ്ടായി. ജി.എം.എ പ്രസിഡണ്ട് ടി.എൻ മുരളി, വിളക്ക് കമ്മിറ്റി ഭാരവാഹികളായ ജി.കെ. പ്രകാശൻ, മോഹനകൃഷ്ണൻ ഓടത്ത്, രമേഷ് പുതൂർ, ഒ.കെ. ആർ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി

