ഗുരുവായൂരിൽ കോടതി വിളക്ക് പൂർവാധികം മോടിയിൽ ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കോടതി വിളക്ക് പൂർവാധികം മോടിയിൽ ആഘോഷിച്ചു .വിളക്ക് എഴുന്നപ്പിന് കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി ,വലിയ വിഷ്ണു ,ചെന്താമരാക്ഷൻ എന്നിവർ പറ്റാനകളായി കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. വിളക്കാഘോഷിത്തിൻറെ ഭാഗമായി അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ. ശേഷാദ്രിനാഥും എ.പി. ഷിബു എന്നിവർ പങ്കെടുത്തു .
മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്തു. സോപാന സംഗീത നൃത്തലയം, ദുർഗ വിശ്വനാഥിൻറെ ഭക്തിഗാനമേള എന്നിവയും അരങ്ങേറി.
കോടതി വിളക്കെന്ന പേര് ഉപയോഗിക്കരുതെന്നും നടത്തിപ്പിൽ നിന്നും ജുഡീഷ്യൽ ഓഫീസർമാർ വിട്ടു നിൽക്കണമെന്നും നിർദേശിച്ച് ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നതിനെ തുടർന്ന് വിളക്ക് ആഘോഷം ആശങ്കയിലായിരുന്നു.
. മതേതര സ്ഥാപനമെന്ന നിലയിൽ ഒരു മതത്തിൻറെ മാത്രം പരിപാടിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അഭിഭാഷകരും ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ രജിസ്ട്രാർ മുഖേന ജില്ല ജഡ്ജിക്ക് കത്ത് നൽകിയിരുന്നത്. ഇത്തരം ഒരു നിർദേശം വന്നതോടെ അഭിഭാഷക സംഘടന വിളക്ക് കൂടുതൽ മോടിയിലാക്കാൻ അരയും തലയും മുറുക്കി രംഗത്ത് വന്നു . ഒരു വിഭാഗം ജുഡീഷ്യൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പകെടുക്കാൻ എത്തി എന്ന് അഭിഭാഷകർ അവകാശപ്പെട്ടു .അതെ സമയം ജില്ലാ ജഡ്ജിക്ക് നിർദേശം നൽകിയ ജസ്റ്റിസ് കഴിഞ്ഞ കാലങ്ങളിൽ വിളക്ക് ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോ അഭിഭാഷകർ പുറത്തു വിട്ടു