
ഗുരുവായൂരിൽ കളഭാട്ടം ശനിയാഴ്ച്ച

ഗുരുവായൂർ : മണ്ഡലകാല സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്‌ച ശ്രീഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് .ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭം അഭിഷേകംചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ട ങ്കിലും കളഭാട്ടം നടക്കുന്നത് വർഷത്തിൽ മണ്ഡലകാല സമാപനദിവസമാണ്.

മണ്ഡലകാലത്ത് നാൽപത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ്.
കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാൽ കളഭാ ഭിഷേകം..ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ തുടങ്ങിയവ പ്രത്യേക അളവിൽചേർത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് കീഴ്ശാന്തിമാരാണ്.
പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജ ചെയ്ത ശേഷമാകും കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക.
കളഭത്തിൽ ആറാടിനിൽക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിർമാല്യംവരെ ഭക്തർക്ക് ദർശിക്കാനാകും. കളഭാട്ട ദിവസം പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ വഴിപാടായി വിളക്കാഘോഷം നടക്കും. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി.രാത്രി ചുറ്റുവിളക്ക് ,ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയുണ്ടാകും.

കളഭാട്ടം നടക്കുന്നതിനാൽ കാലത്തു 10.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ദർശന നിയന്ത്രണം ഉണ്ടാകും. ഈ സമയത്ത് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം, പ്രദക്ഷിണം എന്നിവ നടത്താനാവില്ല. കളഭാട്ട ചടങ്ങിൻ്റെ നടത്തിപ്പിനായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്ത ജനങ്ങൾ സർവ്വത്മനാ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.

