ഗുരുവായൂരിന് വേണ്ടത് 29 കോടി രൂപയുടെ കച്ചവട സമുച്ചയമല്ല, നിലവാരത്തിലുള്ള ആശുപത്രിയാണ് :യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : ദേവസ്വം കിഴക്കേ നടയിൽ 29 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കച്ചവട സമുച്ചയം അനാവശ്യ ധൂർത്താണെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. കച്ചവട സമുച്ചയം പണിയുന്നതിന് എതിരല്ല, മറിച്ച് ഗുരുവായൂർ നിവാസികളുടെ നഗരസഭാ പരിധിയിലെ ഏക ആശ്രയകേന്ദ്രമായ ദേവസ്വം മെഡിക്കൽ സെന്റർ ദിനം പ്രതി നിലവാര തകർച്ച നേരിടുന്നത് ചെയർമാനും, ഭരണസമിതിയും കണ്ടില്ലെന്ന് നടിക്കുന്നതിനാണെതിരെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കോടികൾ ചിലവഴിച്ച് പാഞ്ചജന്യം അനക്സ് നിർമാണം ആരംഭിച്ച് ഇന്നും പൂർത്തിയാവാതെ കിടക്കുന്നു. ആരോഗ്യ രംഗത്ത് സംസ്ഥാനം മുന്നേറുമ്പോൾ ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ദുരവസ്ഥയിലാണ്.
ഗുരുവായൂർ നിവാസികളുടെയും, ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും ആരോഗ്യത്തിന് മുൻഗണന നൽകാതെ സമുച്ഛയങ്ങൾ പണിത് കോടികൾ ധൂർത്തടിക്കാനുള്ള ദേവസ്വം ഭരണാധികാരികളുടെ തീരുമാനത്തിനെതിരെ ബഹുജന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി