ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവബലി തിങ്കളാഴ്ച
ഗുരുവായൂര്‍ : ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി തിങ്കളാഴ്ച്ച ഉത്സവത്തിന്റെ എട്ടാം വിളക്കിനാണ് ഉത്സവബലി. ക്ഷേത്രത്തില്‍ പന്തീരടി പൂജക്ക്‌ശേഷം രാവിലെ പത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചതിരിഞ്ഞ് നാല് വരെ നീളും. ഭഗവാന്റെ ഭൂതഗണങ്ങളെ മുഴുവന്‍ പാണികൊട്ടി വരുത്തി ബലി കൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ചടങ്ങ്.
എല്ലാ ദേവഗണങ്ങള്‍ക്കും പൂജയോടുകൂടി ബലി തൂവും. ഭഗവാനെ സാക്ഷിനിര്‍ത്തിയാണ് ബലി തൂവുക. ബലി തൂവുന്നത് കണ്ട് ഭഗവാന്‍ സന്തോഷിക്കുമെന്നാണ് സങ്കല്‍പ്പം. തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ പതിനൊന്നു മുതല്‍ ഭക്തര്‍ക്ക് ഉത്സവബലി ദര്‍ശിക്കാം. ക്ഷേത്ര മതില്‍ക്കകത്ത് എഴുന്നള്ളിച്ച് വച്ച ഭഗവാനെ തൊഴാന്‍ ആയിരങ്ങളാണ് എത്താറ്. ഈസമയത്ത് ഭഗവാനെ ദര്‍ശിക്കാന്‍ മുപ്പത്തിമുക്കോടി ദേവന്‍മാരും എത്തുമെന്നാണ് സങ്കല്‍പ്പം.
ഉത്സവബലി ദിവസം എല്ലാചരാചരങ്ങള്‍ക്കും അന്നം നല്‍കി തൃപ്തിപ്പെടുത്താറുണ്ട്. ഈ പുണ്യ സമയത്ത് ആരും പട്ടിണി കിടക്കരുതെന്നുദ്ദേശിച്ച് പക്ഷിമൃഗാദികള്‍ക്ക് പോലും അന്നം നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ദിവസം ഗുരുവായൂരില്‍ ദേശപകര്‍ച്ചയാണ് പതിവുള്ളത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ച ഒഴിവാക്കി പകരം കിറ്റുകളാണ് ഇത്തവണ നല്‍കുന്നത്