ഗുരുവായൂരിൽ ഉത്സവ ബലി ഭക്തി നിർഭരമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്തി നിർഭരമായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിച്ചത്.
സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നാണ് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടന്നത്. എട്ടാം വിളക്കുദിവസം ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ചടങ്ങുകൂടിയ ദിവസമായിരിന്നു ക്ഷേത്രത്തില്‍.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്ന കലാപരിപാടികള്‍, ദേശപകര്‍ച്ച തുടങ്ങിയും അവസാനിച്ചു. , നാളെയും (വ്യാഴം), വെള്ളിയാഴ്ചയും വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തില്‍ പുറത്തേയ്ക്കിറങ്ങും. ഈ ദിവസങ്ങളില്‍ കൊടിമരത്തറക്ക് സമീപമാണ് ദീപാരാധന. ഗ്രാമപ്രദക്ഷിണത്തിന് കേരളത്തിലെ വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യവും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്‍മാരുടെ വേഷവും അകമ്പടിയാകും.
ഗ്രാമപ്രദക്ഷിണത്തിന് ശേഷമാണ് ഭഗവാന്‍ ഇന്ന് പള്ളിവേട്ടക്കിറങ്ങുന്നത്. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം. പള്ളിവേട്ടകഴിഞ്ഞ് പള്ളിയുറക്കത്തിന്റെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിനകത്ത് രാത്രി, നാഴികമണി പോലും ചിലയ്ക്കില്ല. വെള്ളി രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക. അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തും. അതുകൊണ്ട് രാവിലെ ഉദ്ദേശം 7-മണിക്ക് ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുകയുള്ളു.
വെള്ളിയാഴ്ച യാണ് ഭഗവാന്റെ ആറാട്ട്. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ തങ്കതിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷമാണ് രുദ്രതീര്‍ത്തത്തില്‍ ആറാടുക. തുടര്‍ന്ന് ഭഗവാന്റെ ആറാട്ടിന് ശേഷം ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് പിടിയാനപുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണകൊടിമരത്തില്‍ ഉയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും