ഗുരുവായൂർ സിവേജ് കണക്ഷൻ : പരാതി പരിഹാരത്തിന് നവം.17 ന് അദാലത്ത്
ഗുരുവായൂർ : സിവേജ് കണക്ഷൻ ലഭിക്കുന്നതുമായ ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി ,വാട്ടർ അതോറിറ്റി ,പിഡബ്ല്യുഡി , ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിനും നവം 17 ന് ആദ്യ സിറ്റിങ്ങ് നടത്തുന്നതിനും തീരുമാനിച്ചു. ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.നിലവിൽ
അപേക്ഷ നൽകി ഇതു വരെ കണക്ഷൻ ലഭിക്കാത്തവർക്കും അപേക്ഷ നിരസിച്ചവർക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും അദാലത്തിൽ പങ്കെടുക്കാവുന്നതാണ് .ശബരിമല സീസൺ ആരംഭിക്കുന്നതിനാൽ ആയതിനു മുമ്പായി ഗുരുവായൂർ നഗരസഭ സ്ഥാപനങ്ങളുടെ സീവേജ് കണക്ഷൻ അടിയന്തരമായി നൽകാൻ എം എൽ എ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ഗുരുവായൂർ സീവേജ് പദ്ധതി കമീഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഗുരുവായൂർ സീവേജിന് പ്രത്യേക സെക്ഷൻ ഓഫീസ് അനുവദിക്കുന്നതിന് സർക്കാരിനോടാവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. കൂടാതെ അടിയന്തിരമായി ഗുരുവായൂരിലെ വാട്ടർ അതോറിറ്റിയിലെ ഒഴിവുകൾ നികത്തുന്നതിന് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
സീ വേജ് പൈപ്പുകളിലെ ബ്ലോക്ക് ഒഴിവാക്കന്നതിനായി ആധുനിക മെഷിൻ വാങ്ങുന്നതിന് നടപടികൾ പൂർത്തിയാക്കിയതായി കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ യോഗത്തെ അറിയിച്ചു. മെഷിൻ ഇൻസ്റ്റാൾ ചെയ്യുന്നതുവരെ മാന്വവലായി എല്ലാ ആഴ്ചകളിലും തൊഴിലാളികളെ കൊണ്ട് ക്ലീനിങ് നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ക്ക് എംഎൽഎ നിർദ്ദേശം നൽകി. അഴുക്കുചാൽ പദ്ധതിയുടെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ നിലവിൽ അഴുചാൽ പദ്ധതി നടപ്പിലാക്കാത്ത പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിനും ആയത് അമൃത് പദ്ധതി മുഖേന നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു വിശദമായ ഡി പി ആർ തയ്യാറാക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം വിശദമായി ചർച്ച ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.മാർച്ച് 31 ന് മുമ്പ് അമൃത് പദ്ധതി പൂർത്തീകരിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തരുതെന്നും എംഎൽഎ നിർദ്ദേശിച്ചു.അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് കട്ട് ചെയ്യുന്ന വിഷയങ്ങൾ ജില്ലാ കളക്ടർ , പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ചർച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്നും നിർദ്ദേശം നൽകി.
ഗുരുവായൂർ നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് , വൈസ് ചെയർമാൻ അനിഷ്മ ഷനോജ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം എസ് മനോജ്,കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ടി എസ് സുധി , ഗുരുവായൂർ ദേവസ്വം ചീഫ് എൻജിനീയർ എം വി രാജൻ , പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരീഷ്. തൃശ്ശൂർ പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇ എൻ സുരേന്ദ്രൻ ,സീവറേജ് സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ ഷൈജു പി തടത്തിൽ,ഗുരുവായൂർ പി എച്ച് സെക്ഷൻഅസിസ്റ്റൻറ് എഞ്ചിനീയർ സന്ധ്യ കെപി, ചാവക്കാട് പിഡബ്ല്യുഡി (റോഡ്) അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ പി മാലിനി ,ഗുരുവായൂർ നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ വാട്ടർ അതോറിറ്റി,പിഡബ്ല്യുഡി നഗരസഭ ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.