header 4

ഗുരുവായൂർ ഉത്സവം , ഗ്രാമ ബലിക്കായി കണ്ണൻ നാളെ ജനപഥ ത്തിലേക്കിറങ്ങും , പള്ളി വേട്ടയും നടക്കും

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഒന്‍പതാം ദിവസമായ ചൊവ്വാഴ്ച്ച ഗ്രാമബലിയും പള്ളിവേട്ടയും നടക്കും. നാളെ സന്ധ്യക്ക് ഗ്രാമബലിക്കായി ഗുരുവായൂരപ്പന്‍ പുറത്തേക്കെഴുന്നള്ളും. ജന പഥ ത്തിലേക്ക് ഇറങ്ങുന്ന ഭഗവാനെ നിലവിളക്കും നിറപറയും വെച്ച് ഭക്തർ എതിരേൽക്കും ക്ഷേത്രത്തിനകത്തെ പാലക -പരിചാരക ദേവതകള്‍ക്ക് ഉത്സവബലിയുടെ നിവേദ്യവും പൂജയും നല്‍കുന്നതുപോലെ, ഗ്രാമത്തിലെ സംരക്ഷകദേവതകളെ പ്രീതിപ്പെടുത്തുന്നതാണ് ഗ്രാമബലി.

Astrologer

പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ ദീപാരാധനയ്ക്ക് വളരെ പ്രത്യകതകളാണുള്ളത്. ഈ ദിവസങ്ങളില്‍ ശ്രീകോവിലിനകത്ത് ദീപാരാധന പതിവില്ല. പകരം വലിയ ബലിക്കല്ല് പുരയില്‍ എഴുന്നള്ളിയിരിക്കുന്ന സ്വര്‍ണ തിടമ്പിന് മുന്നിലാണ് ദീപാരാധന നടത്തുക. പതിവായി മേല്‍ശാന്തി നടത്തുന്ന ഈ ചടങ്ങ് ശാന്തിയേറ്റ കീഴ്ശാന്തിയാണ് നിര്‍വ്വഹിക്കുകയെന്നതും ഈ ദിവസത്തെ പ്രത്യകതയാണ്. വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് കീഴ്ശാന്തിമാര്‍ക്ക് ദീപാരാധന നിര്‍വഹിക്കുവാന്‍ അവസരം ലഭിക്കുക. ദീപാരാധനയ്ക്കുശേഷമാണ് ഗുരുവായൂരപ്പന്‍ പുറത്തേക്കെഴുന്നള്ളുക.

എഴുന്നള്ളിപ്പിനു മുന്നില്‍ പതിവായി കൊട്ടുന്ന പഞ്ചാരിമേളത്തിന് പകരം പാണ്ടിമേളമാണ് ഉണ്ടാവുക. വാളും പരിചയുമേന്തി വേഷ ഭൂഷാദികളണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്‍മാര്‍ ഉടുത്തുകെട്ടി അണിനിരക്കും. കൊടിക്കൂറകള്‍, തഴകള്‍, സൂര്യമറകള്‍, കുത്തുവിളക്കുകള്‍ എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയാകും. രാജകൊട്ടാരങ്ങളിലെ വേദഞ്ജരെ ഓര്‍മ്മിപ്പിക്കുന്ന ഭജനസംഘം കീര്‍ത്തനാലാപനവുമായി അണിനിരക്കും. ഗ്രാമബലി തൂവി കൊണ്ട് ഓതിക്കന്‍മാര്‍ മുന്നില്‍ നീങ്ങും. മുക്കുമൂലകളിലും, നാല്‍ക്കൂട്ട പെരുവഴികളിലുമായി അജ്ഞാത രൂപത്തില്‍ അധിവസിക്കുന്ന ദേവതകള്‍ക്കാണ് ബലിതൂവല്‍ നടത്തുന്നത്.

ഗ്രാമ പ്രദക്ഷിണമെന്ന സങ്കല്‍പ്പത്തില്‍ ക്ഷേത്രമതിലിനു പുറത്ത് പ്രഥക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് ക്ഷേത്രത്തിനകത്ത് തിരിച്ചെത്തും. തുടര്‍ന്ന് പള്ളിവേട്ട ചടങ്ങുകള്‍ ആരംഭിക്കും. മേളം സമാപിച്ചശേഷം പിടിയാനയുടെ പുറത്ത് കാടിളക്കാന്‍ ഗുരുവായൂരപ്പന്‍ പുറപ്പെടും. ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങില എന്നിവ അകമ്പടിയാകും. ക്ഷേത്രമതില്‍കെട്ടിന് പുറത്ത് കടന്ന് കല്ല്യാണമണ്ഡപം വരെ ചെന്നാണ് കാടിളക്കല്‍. അവകാശിയായ പുതിയേടത്ത് പിഷാരോടി മൂന്നു തവണ പന്നിമാനുഷങ്ങളുണ്ടോ എന്ന് വിളിച്ചു ചോദിച്ചാല്‍ പക്ഷിമൃഗാദികളുടെ വേഷം കെട്ടിയവര്‍ ഓടി ക്ഷേത്രഗോപുരം കടന്ന് അകത്തെത്തും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിൽ ഭക്തർക്ക് വേഷം കെട്ടാൻ ഈ വർഷം അനുമതിയില്ല

ഇവയെ പിടികൂടാനെന്ന സങ്കല്‍പ്പത്തില്‍ സ്വര്‍ണതിടമ്പേറ്റിയ ആന ഓടികൊണ്ട് പിന്‍തുടരും. ഒന്‍പതു തവണ ക്ഷേത്രം വലം വച്ചു കഴിഞ്ഞാല്‍ കൂട്ടത്തിലെ ദുഷ്ടമൃഗമായ പന്നിയെ അമ്പെയ്ത് ഭഗവാന്റെ പള്ളിവേട്ട പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഭഗവാന്റെ പള്ളിയുറക്കമാണ്. വെള്ളികട്ടിലില്‍, പട്ടുമെത്തയില്‍ ഉരുളന്‍തലയിണയൊരുക്കിയതില്‍ നമസ്‌ക്കാര മണ്ഡപത്തിലാണ് ഗുരവായൂരപ്പന്റെ ശയ്യാഗ്രൃഹം. പള്ളിവേട്ടയിലെ ക്ഷീണം കാരണം അത്താഴം പോലും കഴിക്കാതെയാണ് പള്ളിയുറക്കമെന്നാണ് വിശ്വാസം. പള്ളിവേട്ടയ്ക്ക് ഭംഗം വരാതിരിക്കാന്‍ ഈ ദിവസം ക്ഷേത്രപരിസരം നിശ്ചലമായിരിക്കും. മണിക്കൂറിടവിട്ടടിക്കുന്ന ക്ഷേത്ര മണിപോലും ഈസമയത്ത് അടിക്കില്ല. വര്‍ഷത്തില്‍ ഈയൊരു സമയത്തു മാത്രമാണ് ക്ഷേത്ര നാഴിക മണിയടിക്കാതിരിക്കുക. പിറ്റേന്ന് പുലര്‍ച്ചെ പശുകുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുണരുക. ബുധനാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും