തെരുവ് വിളക്ക് മിഴിയടഞ്ഞു , കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം
ഗുരുവായൂർ : തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ കൗൺസിലിൽ പ്രതിപക്ഷത്തിൻറെ പ്രതിഷേധം. തെരുവ് വിളക്കുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറെടുത്തിട്ടുള്ളയാൾ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. നഗരസഭ പണം നൽകാത്തതിനാലാണ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയാതിരുന്നതെന്നാണ് കരാറുകാരൻ ആരോപിച്ചിരുന്നത്.
എന്നാൽ കരാറുകാരൻ ബില്ല് സമർപ്പിക്കാൻ വൈകിയതാണ് പണം നൽകുന്നതിന് താമസമുണ്ടാക്കിയതെന്ന് ഭരണപക്ഷം വിശദീകരിച്ചു. തെറ്റായ ആരോപണമാണെങ്കിൽ കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാറുകാരൻറെ ശബ്ദ സന്ദേശം വ്യാജമാണെന്ന വാദമുയർത്തിയാണ് വൈസ് ചെയർമാൻ കെ.പി. വിനോദ് പ്രതിരോധത്തിന് ശ്രമിച്ചത്. ചെയർപേഴ്സൻ, വൈസ് ചെയർമാൻ, മുൻ ചെയർപേഴ്സൻ എന്നിവർ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ആസൂത്രിത ശ്രമമുണ്ടെന്ന് ഹബീബ് നാറാണത്ത് പറഞ്ഞു. പ്രശ്നം അടിയന്തിരമായി പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിപക്ഷം അടങ്ങിയത്.
വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തിപുതിയ പദ്ധതികളും സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകി. പദ്ധതികൾ സ്പിൽ ഓവർ ആകുന്നത് പദ്ധതി വിഹിതത്തെ ബാധിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. വിനോദ്, ടി.ടി. ശിവദാസൻ, പ്രഫ. പി.കെ. ശാന്തകുമാരി, സുരേഷ് വാര്യർ, എ.പി. ബാബു, ജലീൽ പണിക്കവീട്ടിൽ, പി.എസ്. രാജൻ എന്നിവർ സംസാരിച്ചു.