ഗുരുവായൂര്‍ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു.
ഗുരുവായൂര്‍: ഗുരുവായൂരിന്റെ മുഖശ്രീയായ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു. ഗുരുവായൂരിലേക്ക് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്ന പുതിയ വെങ്കല ഗരുഢ ശില്‍പവും സജ്ജമാകും. കാലപ്പഴക്കവും, അപചയവും കാരണമാണ് മഞ്ചുളാല്‍ത്തറ നവീകരിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പുനര്‍ നിര്‍മ്മിക്കുന്ന മഞ്ചുളാല്‍ തറയുടെയും, ഗരുഡശില്‍പത്തിന്റെയും ചെറുമാതൃക ദേവസ്വം ഭരണസമിതി കണ്ട് വിലയിരുത്തി.
ശ്രീവല്‍സം അനക്‌സ് ഹാളിലാണ് മാതൃകാ രൂപം പ്രദര്‍ശിപ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ നിര്‍ദ്ദിഷ്ട മഞ്ചുളാല്‍ത്തറയുടെയും, ഗരുഡശില്‍പത്തിന്റെയും മാതൃകാ രൂപം അനാവരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ആറുമാസത്തിനകം പുതിയ മഞ്ചു ളാല്‍ത്തറയും, വെങ്കല ശില്‍പവും നിര്‍മ്മിച്ച് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ഉണ്ണി കാനായിയാണ് ശില്‍പി. വേണു കുന്നപ്പള്ളിയെന്ന ഭക്തനാണ് മഞ്ചുളാല്‍ത്തറയും, വെങ്കല ഗരുഡശില്‍പവും വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നത്.