ഗുരുവായൂർ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റർ ആചാര ലംഘനം നടത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി ക്ഷേത്രത്തിലെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചതായി ആക്ഷേപം . രാത്രിശീവേലിയ്ക്കുശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് കയറിയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ആചാര ലംഘനം നടത്തിയത്. രാത്രിശീവേലിയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ഭഗവദ് തിടമ്പുമായി ശ്രീലകത്തുകയറി നടത്തുന്ന പ്രാധാന്യമേറിയ പൂജാചടങ്ങാണ് തൃപ്പുക.
പതിറ്റാണ്ടുകളായി ഈ പൂജസമയത്ത് ക്ഷേത്രം പ്രവര്‍ത്തിക്കാര്‍ക്കും, ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മാത്രമെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുള്ളു. വ്യാഴാഴ്ച്ച രാത്രിയാണ് ആചാരാനുഷ്ഠാനങ്ങളെ മറികടന്ന് അഡ്മിനിസ്‌ട്രേറ്ററും, അഡ്മിനിസ്‌ട്രേറ്ററോടൊപ്പമുള്ള ചില പ്രമുഖരും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്ത് ദർശനം നടത്തിയത്. കൂടെ ഉണ്ടയിരുന്നത് ചില വ്യവസായ പ്രമുഖരായിരുന്നു എന്ന സൂചനകളും പുറത്ത് വരുന്നുണ്ട് . ആചാര ലംഘനം കാവൽക്കാർ തടഞ്ഞു വെങ്കിലും അവരെ ഭീഷണി പെടുത്തിയാണ് അഡ്മിനിസ്ട്രേറ്ററും സംഘവും ദർശനം നടത്തിയത്
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകാദശിയോടനുബന്ധിച്ചുള്ള തന്ത്രി വിളക്കുദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു തന്ത്രിയും, കുടുംബാംഗങ്ങളും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്ത് പ്രവേശിച്ചതിന് തന്ത്രിയില്‍നിന്നുപോലും ഭരണസമിതി നോട്ടീസയച്ച് വിശദീകരണം എഴുതിവാങ്ങിയതായ ചരിത്രമുണ്ട്. ക്ഷേത്രം തന്ത്രിയ്ക്കില്ലാത്ത താന്ത്രികാധികാരം ഈ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നാണ് ഭക്തരുടെ ചോദ്യം.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചുറ്റുവിളക്കുകളായ കോടതി വിളക്ക്, പോലീസ് വിളക്ക്, ദേവസ്വം വിളക്ക്, ദേവസ്വം ജീവനക്കാരുടെ വിളക്ക് തുടങ്ങിയ ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കാഘോഷത്തിനുപോലും അവരവരുടെ വിളക്കുനാള്‍ ഉന്നത ന്യായാധിപര്‍ക്കോ, ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കോ, ദേവസ്വം ഭരണാധികാരികള്‍ക്കോ, നാലമ്പലത്തിനകത്ത് ഡ്യൂട്ടിയിലില്ലാത്ത ദേവസ്വത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ തൃപ്പുക സമയത്ത് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ല
. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് പുറമേനിന്നുള്ള ഭക്തര്‍ക്കും, പ്രവര്‍ത്തിയില്‍ ഇല്ലാത്ത പാരമ്പര്യക്കാര്‍ക്കും, ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കുപോലും പ്രവേശനമില്ലെന്നിരിയ്‌ക്കേയാണ്, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പ്രമുഖരുമായി തൃപ്പുക സമയത്ത് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശിച്ച് ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചത്. സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിനിടെ മകളായത് കൊണ്ടാകും ആചാര ലംഘനത്തിന് ഇവർ ധൈര്യം കാണിച്ചതെന്ന് ക്ഷേത്ര വിശ്വാസികൾ സംശയിക്കുന്നു.