
ഗുരുവായൂർ ക്ഷേത്രം തന്ത്രി ഒഴിയണം, തന്ത്രി പദവിക്ക് യോഗ്യത മാനദണ്ഡം വേണം : ക്ഷേത്ര രക്ഷ സമിതി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രാചാരം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി ഭക്തരുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി. വിധിയിലൂടെ കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ നിലവിലെ തന്ത്രി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നതിന് തെളിവാണെന്നും സമിതി ചൂണ്ടിക്കാട്ടി.

പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ മുഖ്യ കടമയെന്നും, ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്നുമുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെയാണ് സമിതി കാണുന്നത്. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും ‘മിഥ്യ’യായി ചിത്രീകരിച്ച് സത്യവാങ്മൂലം നല്‍കിയവരില്‍ നിലവിലെ തന്ത്രിയും ഭരണസമിതിയും ഉള്‍പ്പെടുന്നു എന്നത് അദ്ദേഹം തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നതിന് വ്യക്തമായ തെളിവാണെന്നും ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി പ്രസ്താവനയില്‍ അറിയിച്ചു.

പാരമ്പര്യമായി പുഴക്കര ചേന്നാസ് കുടുംബത്തിലെ കാരണവരായാല്‍ മതി എന്ന വ്യവസ്ഥ മാറ്റി, ഇനി വരുന്ന തന്ത്രിക്ക് പ്രതിഷ്ഠാ മൂര്‍ത്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മനോഭാവവും, ഭക്തിയും, ശ്രദ്ധയും, ആചാരാദി കാര്യങ്ങളില്‍ അഗാധമായ അറിവും ഉണ്ടോ എന്ന് പരിശോധിക്കണം എന്നും സമിതി ആവശ്യപ്പെട്ടു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളെയും ആചാര്യന്മാരെയും അറിയിച്ചുകൊണ്ട് കത്ത് നല്‍കുമെന്നും ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി ഭാരവാഹി എം. ബിജേഷ് അറിയിച്ചു.
