ഗുരുവായൂർ കൃഷ്ണഗീതി ദിനാഘോഷം നവംബർ 16ന്
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 16 വ്യാഴാഴ്ച ( തുലാം 30 ) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി ,രചയിതാവായ.മാനവേദൻ തമ്പുരാൻ ഗുരുവായൂരപ്പന് സമർപ്പിച്ച തുലാം മുപ്പതാം തിയതി ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനമായി ആചരിച്ചു വരുന്നു.രാവിലെ 6 മണിക്ക് ശ്രീവൽസം അതിഥിമന്ദിരത്തിന് സമീപത്തെ മാനവേദ സമാധിക്കു മുന്നിൽ പ്രഭാതഭേരിയോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 9 മണി മുതൽ കൃഷ്ണ ഗീതി ദേശീയ സെമിനാർ നാരായണീയം ഹാളിൽ നടക്കും.കൃഷ്ണനാട്ടവും കൃഷ്ണഗീതിയും കലാ സാഹിത്യ സമന്വയം എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രൊഫ.പി.സി.മുരളീ മാധവൻ, ഡോ.ആർ.വിശ്വജ, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ഇ.കെ.സുധ മോഡറേറ്ററാകും. വൈകിട്ട് 5ന് മാനവേദ സമാധിയിൽ പുഷ്പാർച്ചനയും തുടർന്ന് സാംസ്കാരിക ഘോഷയാത്രയും നടക്കും. തുടർന്ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ദേവസ്വം പ്രസിദ്ധീകരിക്കുന്ന കൃഷ്ണനാട്ടം ക്രമ ദീപികയും ആട്ടപ്രകാരവും എന്ന പ്രൗഢ ഗ്രന്ഥത്തിൻ്റെ ഒന്നാം ഭാഗം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും’. കേരള കലാമണ്ഡലം വൈസ്. ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിക്കും. ഡോ.സനൽകുമാർ തമ്പുരാൻ പുസ്തകം സ്വീകരിക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ചടങ്ങിൽ മുഖ്യാതിഥിയാകും.ഈ വർഷത്തെ മാനവേദ സുവർണ്ണ മുദ്ര കൃഷ്ണനാട്ടം വേഷം ആശാൻ എസ്.മാധവൻകുട്ടിയ്ക്കും വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് സുവർണ്ണ മുദ്ര പാട്ട് കലാകാരൻ എസ്.പി.കൃഷ്ണ കുമാറിനും സമ്മാനിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും.
സാംസ്കാരിക സമ്മേളനത്തിനു ശേഷം ശ്രീഗുരുവായുരപ്പൻ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം തെരഞ്ഞെടുന്ന രംഗങ്ങളുടെ അവതരണം ഉണ്ടാകും. രാത്രി 8 ന് ചെമ്പൈ സംഗീതോത്സവ വേദിയിൽ കൃഷ്ണനാട്ടപ്പദ കച്ചേരി അരങ്ങേറും.