
ഗുരുവായൂര്‍ കേശവൻ അനുസ്മരണം ഞായറാഴ്ച

ഗുരുവായൂര്‍ : ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്ന ഗജഘോഷയാത്ര ഞായറാഴ്ച രാവിലെ നടക്കും. ഗജഘോഷയാത്രയില്‍ ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ 10 ഗജകേസരികള്‍ പങ്കെടുക്കും. മുന്‍നിരയിലെ കൊമ്പന്‍ ബല്‍റാം ശ്രീഗുരുവായൂരപ്പന്റെ ഛായാചിത്രവും, ഇന്ദ്രസെന്‍ കേശവന്റെ ചിത്രവും, രവീകൃഷ്ണന്‍ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിയ്ക്കും.

ദശമിദിനമായ ഞായറാഴ്ച പുലര്‍ച്ചെ നിര്‍മ്മാല്ല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം, ദ്വാദശി ദിനമായ ചൊവ്വാഴ്ച്ച രാവിലെ 8 മണിവരെ തുടരും. തുടര്‍ച്ചയായി 53 മണിക്കൂര്‍ ക്ഷേത്രനട അടയ്ക്കാതിരിയ്ക്കുന്നതും (പതിവ് പൂജകള്‍ക്കായി അടയ്ക്കുന്നതൊഴിച്ചാല്‍) ഏകാദശിയോടനുബന്ധിച്ചുള്ള ഈ രണ്ടു ദിവസങ്ങളിലാണ്. ഏകാദശി കഴിഞ്ഞുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രം കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം നടത്താം. ദ്വാദശി ദിവസം ചൊവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് ക്ഷേത്രനട അടച്ചതിനുശേഷം വിവാഹം, തുലാഭാരം, കുട്ടികള്‍ക്കായുള്ള ചോറൂണ്‍, വാഹനപൂജ എന്നീ വഴിപാടുകള്‍ ഉണ്ടായിരിയ്ക്കയില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ (തിങ്കള്‍, ചൊവ്വ) നിര്‍മ്മാല്ല്യ ദര്‍ശനവും ഉണ്ടായിരിയ്ക്കയില്ല.

ചെമ്പൈ സംഗീതോത്സവത്തിന്റെ അതിപ്രധാനമായ അതിപ്രശസ്തര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ഞായറാഴ്ച രാവിലെ 9 മണിയ്ക്കാരംഭിയ്ക്കും. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങള്‍ ആദിതാളത്തില്‍ ചെമ്പൈ സംഗീത മണ്ഡപത്തില്‍ പെയ്തിറങ്ങും. സൗരാഷ്ട്ര രാഗത്തിലുള്ളഗണപതി സ്തുതിയോടേയാണ് പഞ്ചരത്‌ന കീര്‍ത്തനാലാപത്തിന് തുടക്കമിടുക.

ഏകാദശി ദിനമായ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിമുതല്‍ സുവര്‍ണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മത്സരം ദേവസ്വം കാര്യാലയത്തിലെ കുറുരമ്മ ഹാളില്‍ നടക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിയ്ക്കുന്ന അക്ഷരശ്ലോക മത്സരത്തില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക പങ്കെടുക്കാം. ഏകാദശി നാളില്‍ രാത്രി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ കരുണ ചെയ് വാന്‍ എന്തു താമസം കൃഷ്ണ എന്ന കീര്‍ത്തനത്തോടെ ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീല താഴും
