Header 1 = sarovaram
Above Pot

കളഭത്തിൽ ആറാടിയ ഗുരുവായൂരപ്പനെ കാണാൻ ആയിരങ്ങൾ ക്ഷേത്ര നഗരിയിൽ എത്തി

ഗുരുവായൂര്‍: മണ്ഡലകാല ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് , ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കണ്ടുവണങ്ങാന്‍ പുലര്‍ച്ചെതന്നെ ആയിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. 13-കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേയ്ക്ക് എഴുന്നെള്ളിച്ച് സ്വര്‍ണ്ണകുംഭത്തില്‍ നിറച്ചു.

Astrologer

തുടര്‍ന്ന് 11.20-ഓടെ കലശപൂജ ചെയ്തശേഷം, ക്ഷേത്രം തന്ത്രി മുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മകന്‍ ചേന്നാസ് ചെറിയ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഭഗവാന് കളഭാഭിഷേകം ചെയ്തു. ശ്രീഗുരുവായൂരപ്പന് ദിവസവും കളഭാലങ്കാരം പതിവുണ്ടെങ്കിലും, ഗോരോചനവും, കസ്തൂരിയും, കുങ്കുമപ്പൂവ്വും, പച്ചകര്‍പ്പൂരവും, പരിശുദ്ധമായ ചന്ദനവും പനിനീരില്‍ചേര്‍ത്ത് തയ്യാറാക്കിയ കളഭം, ധാരളമായ അഭിഷേകം ചെയ്യുന്നത് വര്‍ഷത്തില്‍ മണ്ഡലാവസാനം മാത്രം. ക്ഷേത്രം പാരമ്പര്യ കീഴ്ശാന്തി കുടുംബാംഗങ്ങള്‍ കളഭാട്ട സുദിനത്തില്‍ അതിരാവിലെ മുതല്‍ സഹസ്രനാമം ജപിച്ച് ചന്ദനം അരച്ച് തയ്യാറാക്കിയ കളഭാഭിഷേകത്തിന്റെ മുഴുവന്‍ ചിലവും വഹിയ്ക്കുന്നത് കോഴിക്കോട് സാമൂതിരി രാജയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യങ്ങളായി കൊട്ടിപ്പാടി സേവയും, കൂട്ടികൊട്ടും, വലംതല കൊട്ടുന്നതും ഓരോ പൂജകള്‍ക്കും പ്രത്യേകമായുണ്ട്. എന്നാല്‍ കളഭാഭിഷേകത്തിന് മാത്രം ഈ മഹാക്ഷേത്രത്തില്‍ ചെണ്ടയും, മദ്ദളവും, ഇലത്താളവും ചേര്‍ന്നുള്ള ”കേളിക്കയ്യാ”ണ് പതിവും, പ്രധാനവും. ശ്രീഗുരുവായൂരപ്പന് കളഭാട്ടം നടക്കുന്ന മൂഹൂര്‍ത്തത്തില്‍ ഒരു ഭക്തന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പാട് ചെയ്തതാണ് കേളികൊട്ട്.

കളഭാട്ടദിനത്തിൽ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വകയായി ചുറ്റുവിളക്ക് ആഘോഷവും നടന്നു. വിളക്കാഘോഷത്തിന്റെ ഭാഗമായി രാവിലെ 10-ന് കലാമണ്ഡലം പ്രകാശനും, സംഘവും അവതരിപ്പിച്ച പഞ്ചമദ്ദളകേളി, ഉച്ചയ്ക്ക് 3.30-ന് പഞ്ചവാദ്യത്തോടെ മൂന്നാനകളുമായി നടന്ന കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ കോലമേന്തി. ദാമോദര്‍ദാസും, ഗോകുലും പറ്റാനകളായി. വൈകീട്ട് ഭഗവതികെട്ടില്‍ രാജപ്പന്‍ മാരാരും, സംഘവും അവതരിപ്പിച്ച ഇരട്ട തായമ്പകയും അരങ്ങേറി. രാത്രി പഞ്ചാരിമേളത്തോടും, ഇടയ്ക്കാ നാദസ്വരത്തോടുംകൂടി വിളക്കെഴുന്നെള്ളിപ്പും ഉണ്ടായിരുന്നു.

ഇന്ന് ക്ഷേത്രത്തിൽ 66 വിവാഹങ്ങളും നടന്നു . അവധി ദിനമായതിനാൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനും വൻ ജനപങ്കാളിത്തമുണ്ടായിരുന്നു .വിവാഹ പാർട്ടിക്കാരും ഭക്തരും കൂടി ആയപ്പോൾ കിഴക്കേ നടപ്പന്തൽ ഉച്ച വരെ ജന നിബിഡമായിരുന്നു . വിവാഹ പാർട്ടിക്കാരുടെ തള്ളിച്ച കാരണം ഭക്തരും ഏറെ വലഞ്ഞു . വിവാഹം കഴിഞ്ഞ സംഘങ്ങൾ പോലും ക്ഷേത്ര നടയിൽ നിന്ന് മാറാതെ നിന്നത് സെക്യൂരിറ്റി ജീവനക്കാർക്കും വലിയ തലവേദന സൃഷ്ടിച്ചു

Vadasheri Footer