
ഗുരുവായൂർ ഏകാദശിക്ക് പരിസമാപ്തി,ഇനി ദ്വാദശിപണ സമർപ്പണം

ഗുരുവായൂർ : വ്രതശുദ്ധിയോടെ പതിനായിരങ്ങൾ ഭഗവദ് ദര്‍ശന സുകൃതം നേടിയ ഗുരുവായൂർ ഏകാദശിക്ക് പരിസമാപ്തി ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.

വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്. മേളത്തിന്റെ അകമ്പടിയോടേയായിരുന്നു, അഞ്ചാമത്തെ പ്രദക്ഷിണം.

ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം പുലര്‍ച്ചെ ഒരുമണിയ്ക്കാരംഭിച്ച്, 8 മണിവരെ തുടരും. ബുധനാഴ്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ ദ്വാദശിപ്പണം വച്ച് നമസ്‌കരിക്കുക എന്ന ചടങ്ങ് പ്രധാനമാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക. ക്ഷേത്രകൂത്തമ്പലത്തില്‍ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ അഗ്നിഹോത്രകള്‍ ഉപവിഷ്ടരാകും.

ദ്വാദശി സമര്‍പണത്തിന് ശേഷം രാവിലെ ഒമ്പതിന് ക്ഷേത്രനടയടക്കും. പിന്നീട് ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമാണ് നട തുറക്കുക. ദ്വാദശി പണമായി ലഭിക്കുന്ന തുക നാലായി വീതിച്ച് ഒരുഭാഗം ഗുരുവായൂരപ്പന് സമര്‍പിക്കും. ബാക്കി തുക മൂന്നായി തിരിച്ച് ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമക്കാരായ അഗ്നിഹോത്രികള്‍ വീതിച്ചെടുക്കും. യാഗാഗ്നി സംരക്ഷിക്കുന്നതിനും, വേദപഠനത്തി്‌നുമായാണ് ഈ തുക ഉപയോഗിക്കുക.
ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും ഇന്ന് നല്‍കും. കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും, ശ്രീലകവും പുണ്യാഹം നടത്തും. ബുധനാഴ്ച നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.
