ഗ്രീഷ്മക്ക് തൂക്കു കയർ,ഇന്റലിജന്റ്സ് ക്രിമിനൽ എന്ന് കോടതി.
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചു.
കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി വിലയിരുത്തി.
ഷാരോണിനെ കൊലപ്പെടുത്തിയത് ആസൂത്രിത കൊലപാതകമെന്ന് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു കൊണ്ട് നെയ്യാറ്റിന്‍കര കോടതി അഭിപ്രായപ്പെട്ടു . അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിത്. പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ല. അത്രയ്ക്കും ഹീനമായ കൃത്യമാണ് പ്രതി നടത്തിയത്. ആന്തരികാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. പ്രകോപനമില്ലാത്ത കൊലപാതകമാണിതെന്നും കോടതി വിധി പുറപ്പെടുവിക്കും മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ ചൂണ്ടിക്കാട്ടി. ഗ്രീഷ്മ ഇന്റലിജന്റ് ക്രിമിനലെന്ന് കോടതി അഭിപ്രായപ്പെട്ടതായി പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണ് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഗ്രീഷ്മയുടേത് വിശ്വാസവഞ്ചനയാണ്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. പ്രണയത്തിന്റെ ആഴമാണ് ഇതു വ്യക്തമാക്കുന്നത്. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് പ്രസക്തമല്ല.
ഷാരോണ്‍ റെക്കോര്‍ഡ് ചെയ്ത ജ്യൂസ് ചാലഞ്ച് ദൈവത്തിന്റെ കൈയൊപ്പുള്ള തെളിവാണെന്ന് കോടതി വിലയിരുത്തി. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നത്. സ്‌നഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമം തുടര്‍ന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷവും പ്രതി ഷാരോണുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞെന്നും കോടതി പ്രസ്താവിച്ചു.
ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച പ്രതിയുടെ കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു. അതിനാൽ ഗ്രീഷ്മ മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദം കണക്കിലെടുക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഷാരോണ്‍ കൊലപാതക കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു