ഹൈദരാബാദിലും വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര ഇന്ത്യ സ്വന്തമാക്കി
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായി ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിലും തകർത്ത ഇന്ത്യ ടെസ്‌റ്റ് പരമ്പര 2-0ന് സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 72 റൺസെന്ന ദുർബല വിജയലക്ഷ്യം മൂന്നാം ദിവസം വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ നേടി. 56 റൺസ് ഒന്നാം ഇന്നിംഗ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗിൽ വിൻഡീസ് 127 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസർ ഉമേഷ് യാദവാണ് വിൻഡീസിനെ തകർത്തത്. രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി.
രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രൻ അശ്വിൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി. 95 പന്തിൽ 38 റൺസെടുത്ത സുനിൽ ആംബ്രിസാണ് രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന്റെ ടോപ് സ്‌കോറർ. ക്രെയ്ഗ് ബ്രെത്‌വെയ്‌റ്റ് (പൂജ്യം), കീറൻ പവൽ (പൂജ്യം), ഷിംറോൺ ഹെറ്റ്മയർ (17), ഷായ് ഹോപ്പ് (28), റോസ്റ്റൺ ചേസ് (ആറ്), ഷെയ്ൻ ഡൗറിച്ച് (പൂജ്യം), ജേസൺ ഹോൾഡർ (19), ജോമൽ വാരികൻ (ഏഴ്), ഷാനൻ ഗബ്രിയേൽ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്‌മാന്മാരുടെ സംഭാവന.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 367ന് പുറത്തായിരുന്നു. വിൻഡീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 311 റൺസ് പിന്തുടർന്ന ഇന്ത്യയെ തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വിൻഡീസ് ക്യാപ്ടൻ ജേസൺ ഹോൾഡറാണ് പിടിച്ചു കെട്ടിയത്. അവസാന വിക്കറ്റിൽ അശ്വിൻ- ഷാർദുൽ താക്കൂർ സഖ്യം 28 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയ്ക്ക് 56 റൺസിന്റെ ലീഡ് നൽകിയത്. പരിക്കിനെ തുടർന്ന് ബൗൾ ചെയ്യാതിരുന്ന ഷാർദുൽ താക്കൂർ ബാറ്റിംഗിനിറങ്ങി നാല് റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാമിന്നിംഗ്സിൽ വിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. റണ്ണെടുക്കുന്നതിന് മുന്പ് ബ്രെത്‌വെയിറ്റിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് വിൻഡീസിന് ആദ്യ പ്രഹരം നൽകി. സ്‌കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ മറ്റൊരു ഓപ്പണറായ കീറൻ പവലും മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഹോപ്പ് – ഹെറ്റ്മയർ സഖ്യം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ ഇരുവരും പുറത്തായി. 29 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 17 റൺസെടുത്ത ഹെറ്റ്മയറിനെ കുൽദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചു. 42 പന്തിൽ നാല് ബൗണ്ടറികൾ സഹിതം 28 റൺസെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. സ്കോർ 68ൽ എത്തിയപ്പോൾ രണ്ടു റൺസിനിടെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവ് വിൻഡീസിനെ വീഴ്‌ചയിലേക്ക് തള്ളിയിട്ടു. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ റോസ്റ്റൺ ചേസ് (ആറ്), ഷെയ്ൻ ഡൗറിച്ച് (പൂജ്യം) എന്നിവരെ ഉമേഷ് ക്ലീൻ ബൗൾ ചെയ്തു. ഏഴാം വിക്കറ്റിൽ അംബ്രിസിനൊപ്പം ഒത്തുചേർന്ന ഹോൾഡർ വിൻഡീസ് സ്കോർ 100 കടത്തുകയായിരുന്നു. 30 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്ത ഹോൾഡറിനെ ജഡേജ പന്തിന്റെ കൈയിലെത്തിച്ചു. ജോമൽ വാരികനെ (ഏഴ്) അശ്വിനും ഷാനൻ ഗബ്രിയേലിനെ (ഒന്ന്) ഉമേഷ് യാദവും പുറത്താക്കിയതോടെ വിൻഡീസ് സ്‌കോർ 127ൽ ഒതുങ്ങി
സ്കോർ
വെസ്റ്റ് ഇൻഡീസ്: 311 & 127
ഇന്ത്യ: 367, 72