
ഗുരുവായൂര്‍: ഗുരുവായൂര്‍ ഗീത സത്സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 11-ാമത് ഗീതായജ്ഞം, 15 ന് ശനിയാഴ്ച്ച രാവിലെ 6 മണിമുതല്‍ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില് നടക്കും.

രണ്ടായിരത്തോളം ഭക്തന്മാര്‍ ഒരുമിച്ചിരുന്ന് ഭഗവത്ഗീത സമ്പൂര്‍ണ്ണ പാരായണമാണ് നടത്തുന്നതെന്ന് ഗുരുവായൂര്‍ ഗീത സത്സംഗ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ചുനടക്കുന്ന ഭഗവത്ഗീതാ സമ്പൂര്‍ണ്ണ പാരായണ യജ്ഞത്തിന്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി രാവിലെ 7 മണിയ്ക്ക് ദീപപ്രോജ്ജ്വലനം നടത്തും.
ആചാര്യന്‍ തൃപ്പൂണിത്തുറ രാമസ്വാമി (മണിസ്വാമി) വിഷ്ണുസഹസ്രനാമം നാരായണീയം (1,100 ദശകങ്ങള്‍), ഭഗവത്ഗീത 18 അദ്ധ്യായങ്ങള്‍ എന്നിവ പാരായണം നടത്തും. പൈതൃകരത്‌നം ഡോ: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ: ലക്ഷ്മിശങ്കര്‍, നാദബ്രഹ്മം ടി.എസ്. രാധാകൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, നാരായണസ്വാമി (ഭാഗവത സത്രം), ബദരീനാഥ് മുന്‍ റാവല്‍ജി ഈശ്വര പ്രസാദ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
നരസിംഹ അഡിഗ, പരമേശ്വരന്‍ അഡിക, ശ്രീധര്‍ അഡിഗ, സുബ്രഹ്മണ്യ അഡിഗ, ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് നടക്കുന്ന സമാപന ചടങ്ങില്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ശ്രീഹരി തിരുപ്പതി, വിശ്വനാഥന്‍ കാലടി എന്നിവര്‍ പങ്കെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗുരുവായൂര്‍ ഗീത സത്സംഗ സമിതി കണ്‍വീനര്‍ കണ്ണന്‍ സ്വാമി, ഡോ: സന്തോഷ് കൊല്ലംങ്കോട്, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. നാരായണന്‍, മോഹന്‍ദാസ് ചേലനാട്ട്, ശ്രീകുമാര്‍ പി. നായര്‍ എന്നിവര്‍ അറിയിച്ചു.