ഗണേശോത്സവം, വിഗ്രഹങ്ങൾ ദ്വാരകയിൽ നിമജ്ജനം ചെയ്തു
ഗുരുവായൂര്‍: നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്ര നടയിൽ നിന്നും ദ്വാരകാ ബീച്ചില്‍ നിമജ്ജനം ചെയ്യാനുള്ള പ്രധാന വിഗ്രഹം പുറപ്പെട്ടു. നിമജ്ജന വിഗ്രഹം പുറപ്പെടുന്നതിന് മുന്നോടിയായി, ഗണോശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വിഘ്‌നേനേശ്വര വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് തേങ്ങയുടച്ച് നിമജ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്നായിരുന്നു, നിമജ്ജന ഘോഷയാത്ര ആരംഭിച്ചത്. വിവിധ ദേശങ്ങളിൽ നിന്നും കൊണ്ട് വന്ന ഗണേശ വിഗ്രഹങ്ങളും ഘോഷയാത്രയിൽ പങ്കു ചേർന്നു . സ്ത്രീകളും, കുട്ടികളുമടക്കം നിരവധി ഭക്തര്‍ നാമജപവുമായി ഘോഷയാത്രയില്‍ അണിചേര്‍ന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിമജ്ജനത്തിന് സജ്ജമാക്കിയ പ്രധാന വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് തേങ്ങയുടച്ച് മടങ്ങി. ഗുരുവായൂരില്‍നിന്നും ഉച്ചയ്ക്ക് രണ്ടര മണിയ്ക്ക് ആരംഭിച്ച ഘോഷയാത്ര, ആറുമണിയോടെ വിനായക തീരത്ത് (ദ്വാരകാ ബീച്ച്) എത്തിചേര്‍ന്നു. ഭക്തിനിര്‍ഭരമായ നിമജ്ജന കര്‍മ്മത്തിന് ശേഷം നടന്ന ആഘോഷ സമ്മേളനം, വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂരില്‍നിന്നും ആരംഭിച്ച നിമജ്ജന ഘോഷയാത്രയ്ക്ക് സ്വാഗത സംഘം ജനറല്‍ കവീനര്‍ അഡ്വ: കെ.എസ്. പവിത്രന്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, അഡ്വ: നിവേദിത, ടി.വി. ശ്രീനിവാസന്‍, വി.കെ. വിശ്വനാഥന്‍, ടി.പി. മുരളി, ദീപക് ഗുരുവായൂര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു