Above Pot

ഗണേശോത്സവം ശനിയാഴ്ച

ഗുരുവായൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഗണേശോത്സവം, ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗണേശോത്സവത്തിന്റെ ഭാഗമായി പ്രധാന ഗണേശ വിഗ്രഹം, ബുധന്‍ വൈകീട്ട് ഗുരുവായൂര്‍ മജ്ഞുളാല്‍ പരിസരത്ത് എത്തിചേരും. തുടര്‍ന്ന് വാദ്യമേളങ്ങളോടും, താലപ്പൊലിയോടും കൂടി സ്വീകരിച്ച് വിവിധ സംഘടനകളുടേയും, സമുദായങ്ങളുടേയും പ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തും. തുടര്‍ന്നുള്ള പ്രഭാഷണത്തനുശേഷം, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥാപിച്ച് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഗണപതിഹോമം, ഭജന, ദീപാരാധന എന്നിവ നടത്തി, വിഗ്രഹം ചൈതന്യവത്താക്കി നിമജ്ജന യോഗ്യമാക്കി തീര്‍ക്കും. ഗണേശോത്സവത്തോടനുബന്ധിച്ച് (വ്യാഴം) വൈകീട്ട് 7 മണിയ്ക്ക് ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. അഖില ഭാരത അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തും. അഖിലേന്ത്യ അയ്യപ്പ സേവാസംഘം ചെയര്‍മാന്‍ വി.കെ. വിശ്വനാഥന്‍, ടി.വി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിയ്ക്കും. ചടങ്ങില്‍ ഗുരുവായൂരില്‍ ഗണേശോത്സവം ആരംഭിയ്ക്കുന്നതിന് നേതൃത്വം നല്‍കിയ തലമുതിര്‍ന്ന കാര്യകര്‍ത്താക്കളെ ആദരിയ്ക്കും. വിഗ്രഹ നിമജ്ജനത്തിന്‌ശേഷം വൈകീട്ട് 5.30 ന് വിനായക തീരത്ത് (ദ്വാരകാ ബീച്ച്) നടത്തുന്ന സമാപന സമ്മേളനം, ഗണേശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധര്‍മ്മ ജാഗരണ പ്രമുഖ് വി.കെ. വിശ്വനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിതമായ പ്രധാന ഗണേശ വിഗ്രഹത്തിന് മുന്നില്‍ ഭക്തജനങ്ങള്‍ക്ക് മുട്ടിറക്കുന്നതിനും, മറ്റ് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.എസ്. പവിത്രന്‍, ടി.പി. മുരളി, പി. വത്സലന്‍, രവീന്ദ്രനാഥ്, രഘു ഇരിങ്ങപ്പുറം, സൂര്യന്‍, ദീപക് ഗുരുവായൂര്‍, ലോഹിതാക്ഷന്‍ എന്നിവര്‍ അറിയിച്ചു.

First Paragraph  728-90