ഗജരത്‌നം പത്മനാഭന്റെ പൂര്‍ണ്ണകായ പ്രതിമയുടെ ശിലാസ്ഥാപനം 16 ന്

ഗുരുവായൂര്‍: വിട വാങ്ങിയ ഗുരുവായൂരപ്പന്റെ ഗജരത്‌നം പത്മനാഭന്റെ അനശ്വര സ്മരണയ്ക്കായുള്ള പ്രതിമ സഫലമാകുന്നു. പത്മനാഭന്റെ അതേ അളവിലും, അഴകിലുമാണ് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ പ്രതിമ നിർമിക്കുന്നത് . പത്മനാഭന്റെ സ്മാരകമായി നിര്‍മ്മിയ്ക്കുന്ന പൂര്‍ണ്ണകായ പ്രതിമയുടെ ശിലാസ്ഥാപനം, വ്യാഴാഴ്ച രാവിലെ 11.10-നും, 11.40-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിയ്ക്കും. അസുഖ ബാധിതനായതിനാൽ ദേവസ്വം ചെയര്‍മാന്‍ അഡ്വ : കെ.ബി. മോഹന്‍ദസും ഓൺലൈനിൽ വഴി അദ്ധ്യക്ഷത വഹിയ്ക്കും.

Above Pot

ചടങ്ങില്‍ ഭരണസമിതി അംഗങ്ങള്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്ദിലത്തും, ചെന്നൈ പോപ്പുലര്‍ അപ്ലം ഗ്രൂപ്പ് ചെയര്‍മാന്‍ വിജയകുമാറും, അദ്ദേഹത്തിന്റെ സഹോദരൻ പ്രദീപ് കുമാര്‍, സി.എസ്. അജയ്കുമാര്‍ (അജയ് & കോ: ജ്വല്ലറി മാനുഫേക്‌ചേഴ്‌സ്, തൃശ്ശൂര്‍ ) എന്നിവര്‍ ചേര്‍ന്നാണ് ഉദ്ദേശം പത്തുലക്ഷം രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പത്മനാഭന്റെ പ്രതിമ വഴിപാടായി സമര്‍പ്പിയ്ക്കുന്നത്. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ശ്രീവത്സം അതിഥി മന്ദിരവളപ്പിലാണ് ഗജരത്‌നം പത്മനാഭന്റേയും പ്രതിമ ഉയരുന്നത്. പ്രശസ്ത ശില്‍പ്പി എളവള്ളി നന്ദന്റെ കരവിരുതിലാണ് നാലുമാസത്തെ കാലാവധിയിലാണ് പത്മനാഭന്റെ പ്രതിമ ഉയരുന്നത്.