പുരാവസ്തു തട്ടിപ്പ് കേസ്, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ
കൊച്ചി : മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. മോൻസൻ മാവുങ്കലിൽ നിന്നും സുരേന്ദ്രൻ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭാര്യയുടെ അകൗണ്ടിലേക്കാണ് സുരേന്ദ്രൻ പണം വാങ്ങിയത്. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതിനാൽ വൈകിട്ട് 4 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
മോൻസൺ മാവുങ്കലിനായി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുൻ ഡിഐജി എസ് സുരേന്ദ്രൻ നടത്തിയ ഇടപെടലുകളിലും അതിലുള്ള സാമ്പത്തിക നേട്ടത്തിലുമായിരുന്നു നേരത്തെ ക്രൈാം ബ്രാഞ്ച് അന്വേഷണം നടത്തിയത്. മോൻസൺ മാവുങ്കലിന്‍റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സുരേന്ദ്രനും ഭാര്യയും. എസ് സുരേന്ദ്രനടക്കമുള്ളവരുടെ സൗഹൃദമടക്കം കാണിച്ചായിരുന്നു മോൻസൻ പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയത്.
2019 മെയ് മാസം കേസിലെ പരാതിക്കാരനായ യാക്കൂബ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത് എസ് സുരേന്ദ്രന്‍റെ തൃശ്ശൂരിലെ വീട്ടിൽ വെച്ചാണെന്നാണ് മൊഴി. പരാതിക്കാരായ മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. 2020 ൽ സുരേന്ദ്രന്‍റെ എറണാകുളം വാഴക്കാലയിലെ വീട്ടിൽ 15 ലക്ഷം രൂപ മോൻസന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചതായി മുൻ ഡ്രൈവർ അജിയും മേക്കപ്പ് മാൻ ജോഷിയും മൊഴി നൽകിയിരുന്നു. എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിന്‍റെ ജീവനക്കാരും അയച്ചതാണ്. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതെ സമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ രംഗത്ത് . സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തീക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം.
ഐജി ലക്ഷ്മണനെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ കേസ്. ഇതിൽ മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ദുരൂഹ നടപടികളെ പറ്റി ഐജി ലക്ഷ്മണൻ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തർക്കങ്ങളിൽ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തീക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ആരോപണം ഉന്നയിക്കുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ ആരോപണം. മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണൻ, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതലയിലാണിപ്പോൾ.