വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ജി. എം. എ
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയഷൻ രംഗത്ത് . ജില്ലയിലെ ചില നേതാക്കള്‍ ആരംഭിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി സംഘടനയുടെ പേരും ചിഹ്നവും ഉപയോഗിച്ച് ജില്ലയിലെ വ്യാപാരികളില്‍ നിന്ന് കോടികണക്കിന് രൂപയുടെ പിരിവാണ് നടക്കുന്നത്. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കും.
പദ്ധതിക്കെതിരെ നേരത്തെ ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ ജില്ലാ നേതാക്കള്‍ അസോസിയേഷനെതിരെ കുപ്രചാരണം നടത്തുകയാണ്. ഭദ്രം പദ്ധതി വ്യാപാരികളില്‍ നിന്ന് പണം തട്ടാനുള്ള പദ്ധതിയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2013 ൽ ജില്ല പ്രസിഡന്റിനെയും ഡോ : എം ജയപ്രകാശ് , ജില്ലാ സെക്രട്ടറി സി ആർ പോൾ എന്നി വർക്കെതിരെ അഴിമതി ആരോപണം ഉയർത്തി വിശുദ്ധ പരിവേഷവുമായി എത്തിയവരാണ് ഇന്നത്തെ നേതാക്കൾ .ഇവർ സംഘടനയുടെ പേരും ചിന്ഹവും ഉപയോഗിച്ചു ജില്ലയിലെ വ്യാപാരികളിൽ നിന്ന് പിരിച്ചെടുത്ത കോടികണക്കിന് രൂപ സംഘടനയുടെ അക്കൗണ്ടിലേക്ക് ചേർക്കാതെ മറ്റൊരു സംഘടനയായ ബെനവലന്റ് സൊസൈറ്റിയിലേക്കും അവിടെ നിന്ന് വിന്റർ ഫീൽ എന്ന കമ്പനിയിലേക്കും ആണ് പോകുന്നത് .
അസോസിയേഷന്റെ അഫലിയേഷന്‍ റദ്ദാക്കിയെന്ന പ്രചാരണം നടത്തി ഗുരുവായൂരില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. സംഘടനയുടെ ബൈലോ പ്രകാരമുള്ള വ്യാപാരികളുടെ ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് പുതിയ യൂണിറ്റിന്റെ ഭാരവാഹികള്‍. പദ്ധതിയുടെ തട്ടിപ്പ് മനസിലാക്കിയ ജില്ലയിലെ മറ്റു യൂണിറ്റുകളും രംഗത്തെത്തിയിട്ടുണ്ടെന്നും ജില്ലാകമ്മിറ്റിയുടെ തട്ടിപ്പിനെതിരെ ആവശ്യമെങ്കില്‍ സംഘടിതമായി കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍.മുരളി, ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ പി തിരുനെല്ലൂര്‍, വനിത വിംഗ് പ്രസിഡന്റ് ടെസ്സി ഷൈജു, കെ.രാധാകൃഷ്ണന്‍, മനോജ് വി മേനോന്‍, കെ.രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു