ഗുരുവായൂർ ഏകാദശി, സ്റ്റേറ്റ് ബാങ്ക് വിളക്കാഘോഷം 29 ന്
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഈ വർഷത്തെ സ്റ്റേറ്റ് ബാങ്ക് വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.38 മത് ഏകാദശി വിളക്ക് ആണ് ക്ഷേത്രത്തിനകത്തും പുറത്തും വിവിധ പരിപാടികളോടെ ഒക്ടോബർ 29 ഞായറാഴ്ച വിപുലമായി ആഘോഷിക്കുന്നത്
രാവിലെ 7ന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും.കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണികനാവും. വൈകിട്ട് മൂന്നിനും രാത്രി ഒമ്പതിനും നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാവും.പല്ലാവൂർ ശ്രീധരൻ മാരാർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും . ഗുരുവായൂർ മുരളി സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും മാസ്റ്റർ അദ്വൈത് രാജേഷ് മാരാരുടെ തായമ്പകയും വിളക്കിന് മാറ്റുകൂട്ടും
രാവിലെ ക്ഷേത്രത്തിനു പുറത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്ക് രാവിലെ 8 ന് തിരി തെളിയും. ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി ഉദ്ഘാടനം നിർവ്വഹിക്കും , വൈകീട്ട് 5.30 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും .തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കല്ലറ ഗോപനും , നാരായണി ഗോപനും ചേർന്ന് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള അരങ്ങേറും.
ഈ വർഷത്തെ വിളക്ക് ആഘോഷത്തിന്റെ ഭാഗമായി ക്ലീൻ ഗുരുവായൂർ പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർമാന് ചടങ്ങിൽ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഡെപ്യൂട്ടി ജനറൽ മാനേജർ രവി കിരൺ , രക്ഷാധികാരി റീജണൽ മാനേജർ എസ്. അഭിമുത്ത്, ജനറൽ കൺവീനർ കെ. രവീന്ദ്രൻ , സെക്രട്ടറി കെ. പ്രദീപ്, എസ്.ബി.ഐ മാനേജർ അരുൺ.കെ. ഉണ്ണി, പ്രകാശൻ എന്നിവർ പങ്കെടുത്തു