ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഭയാനകമായി ഉയരുന്നു.
കൽപ്പറ്റ: ദുരന്ത ഭൂമിയായി വയനാട്,മരണസംഖ്യ ഭയാനകമായി ഉയരുന്നു.ഇത് വരെ 93 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 120 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വയനാടിന്‍റെ ഹൃദയം തകർത്ത് മറ്റൊരു ഉരുൾപൊട്ടിയത്. 2019ലെ ദുരന്തഭൂമിയിൽനിന്ന് ഏറെ അകലെയല്ല മുണ്ടക്കൈയും ചൂരൽമലയും. അർധരാത്രി പിന്നിട്ട വേളയിൽ പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറംലോകമറിഞ്ഞത് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്. മൃതദേഹങ്ങൾ പലതും ഒഴുകിയെത്തിയ നിലയിൽ സമീപ ജില്ലയിലെ ചാലിയാർ നദിയിൽനിന്ന് നടുക്കത്തോടെയാണ് കണ്ടെത്തിയത്.
ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. മരണത്തിന്‍റെ ഇരുണ്ട കൈകൾ എത്ര ജീവനുകൾ നിത്യനിദ്രയിലേക്ക് കവർന്നെടുത്തുവെന്നത് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈയിലെ ചെറുപട്ടണത്തെ നാമാവശേഷമാക്കിയ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത ദുരന്തമാണ്. പുത്തുമലയേക്കാൾ പലമടങ്ങ് നാശമാണ് മുണ്ടക്കൈയിൽ ഉണ്ടായിരിക്കുന്നതെന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ചൂരൽമലയിലെ ഒരു സംഘം ആളുകൾ, തങ്ങളുടെ അയൽവാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാൾ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവർ പറയുന്നു. മുമ്പെങ്ങും കാണാത്ത വിധം സൈന്യം ഉൾപ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം നടത്തുന്നത്
നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും പ്രദേശ വാസികൾ പറഞ്ഞു.
മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്.മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു നാട്ടുകാർ. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി.