മയക്കുമരുന്ന് വ്യാപാരികളായ യുവതികൾ 18 ഗ്രാം എം ഡി എം യുമായി പിടിയിൽ
കുന്നംകുളം : മയക്കുമരുന്ന് വിൽപനക്കാരായ രണ്ട് യുവതികളെ 18 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിപയ്യൂർ പുതുശേരി കണ്ണോത്ത് സുരഭി (23), കണ്ണൂർ കറുവഞ്ചക്കോട് തോയൽ വീട്ടിൽ പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് കൂനംമൂച്ചിയിൽനിന്ന് പിടികൂടിയത്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്.
ഗുരുവായൂർ-ചൂണ്ടൽ റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നി ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യുകയും തുടർന്ന് പരിശോധനയിൽ സുരഭിയുടെ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. ഗുരുവായൂരിൽ വിതരണം ചെയ്ത് തിരിച്ചുവരുന്നതിനിടയിലാണ് ഇവർ വലയിലായത്. വലിയ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.
കരാട്ടേ ബ്ലാക്ക് ബെൽറ്റ് നേടിയ സുരഭി റൈഡറാണ്. ബംഗളൂരുവിൽനിന്ന് ബൈക്കിൽ മയക്കുമരുന്ന് കൊണ്ടുവന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച പ്രിയ നാലുമാസമായി സുരഭിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.