
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്. പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നീക്കം.

അതേസമയം, സംഭവം നടന്ന ദിവസം ഷൂട്ടിംഗ് സെറ്റിലുള്ളവർ വിവരം അറിഞ്ഞതായി പൊലീസ് കണ്ടെത്തി. യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് കണക്ക് കൂട്ടി. പരാതി ലഭിച്ച ശേഷവും പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചു. പറഞ്ഞ റോൾ നൽകാത്തതിൻ്റെ പ്രശ്നങ്ങൾ രഞ്ജിത്തും നടിയും തമ്മിൽ ഉണ്ടോ എന്ന് പരിശോധിച്ചു. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെ ആയിരുന്നു നടിക്ക് നൽകിയത്. സിനിമയിൽ നടിയുടെ റോളും ഏകദേശം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അതിനാൽ വ്യാജ ആരോപണത്തിനുള്ള സാധ്യത പൊലീസ് പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. തുടർന്നാണ് പഴുതടച്ചു അറസ്റ്റിലേക്ക് നീങ്ങിയത്.

അതെ സമയം കർമ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നൽകിയ ബംഗാളി നടിഅഭിപ്രായപ്പെട്ടു പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചു രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിക്ക് നന്ദി പറയുന്നുവെന്നും അവർ കൂട്ടി ചേർത്തു . തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും നടി ആവശ്യപ്പെട്ടു. 2009ൽ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി നടി തുറന്നു പറഞ്ഞത്. ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്നും നടി പറഞ്ഞു.

