അഡ്മിനിസ്ട്രേറ്റർ മുട്ടുമടക്കി , ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾക്കെതിരെ നൽകിയ പരാതി പിൻവലിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ ബഹളവും, വാക്‌പോരും. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം . വിഷുക്കണി ദര്‍ശനത്തിന് ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ നാലമ്പലത്തില്‍ കയറി ദര്‍ശനം നടത്തിയതിനെതിരെ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടെമ്പിള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു.
ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗങ്ങളായ മൂന്നുപേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സര്‍ക്കാര്‍ നോമിനേറ്റുചെയ്ത ആറുപേരില്‍ അഞ്ചുപേരും ഒറ്റക്കെട്ടായിനിന്നാണ് പരാതി പിന്‍വലിയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത്. ഭരണഘടനാപരമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ അധികാരമില്ലെന്നും, അത് ചട്ടവിരുദ്ധവും, നിയമവിരുദ്ധവുമാണെന്നും യോഗാദ്ധ്യക്ഷനായ ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസിനെ അംഗങ്ങള്‍ അറിയിച്ചു.
. പരാതി പിന്‍വലിയ്ക്കണമെന്ന ആവശ്യത്തെ അഡ്മിനിസ്‌ട്രേറ്റര്‍ നിരാകരിച്ചു. പരാതി പിന്‍വലിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പുറത്തുപോകാനാകില്ലെന്നും, വേണ്ടി വന്നാല്‍ പോലീസിനെ വിളിയ്‌ക്കേണ്ടി വരുമെന്നും അംഗങ്ങള്‍ അഡ്മിനിസ്ട്രറ്ററെ അറിയിച്ചു. തുടര്‍ന്ന് വാക്‌പോരും, ബഹളവുമായതോടെ പരാതി പിന്‍വലിയ്ക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വാക്കാല്‍ പറഞ്ഞതും അവർക്ക് സ്വീകാര്യമായില്ല. വാക്കാലുള്ള സമ്മതംപോരെന്നും, മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവില്‍ അംഗങ്ങള്‍ക്കുമുന്നില്‍ അടിയറവുപറഞ്ഞ് അഡ്മിനിസ്ട്രറ്റര്‍ക്ക് കീഴടങ്ങേണ്ടിവന്നു. പരാതി പിന്‍വലിയ്ക്കുന്ന കാര്യം മിനിസ്റ്റ്‌സില്‍ ഒപ്പുവെച്ചതോടെയാണ് വിവാദം അവസാനിച്ചത് . ഇതിനിടെ അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കാത്തതില്‍ പ്രധിഷേധിച്ച് ദേവസ്വത്തിലെ യൂണിയന്‍ നേതാക്കള്‍ പരാതിയുമായി യോഗഹാളിലെത്തി. ഒടുവില്‍ ഗുരുവായൂര്‍ ദേവസ്വം റഗുലേഷന്‍ നിയമപ്രകാരം പ്രമോഷന്‍ നല്‍കാനും ഭരണസമിതി യോഗത്തില്‍ തീരുമാനമായി. ചെയർമാന്റെ വിയോജന കുറിപ്പോടെയാണ് പ്രമോഷൻ അജണ്ട പാസാക്കിയത്