ഉദയാസ്തമന പൂജ മാറ്റൽ, ദേവസ്വത്തിനും തന്ത്രിക്കും തിരിച്ചടി
ന്യൂഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദേവസ്വം ഭരണസമിതിക്കെതിരെയും തന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തന്ത്രിക്ക് ഏകപക്ഷീയമായി പൂജാ സമയം മാറ്റാന്‍ കഴിയുമോയെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാസമയത്തില്‍ മാറ്റം വരുത്താനാകുമോയെന്നും കോടതി ചോദിച്ചു.
തിരക്ക് നിയന്ത്രിക്കുകയെന്നത് ഭരണപരമായ കാര്യമാണ്. അതിന്റെ പേരില്‍ ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്നും കോടതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ പാടില്ലെന്ന നിരീക്ഷണവും സുപ്രീംകോടിയുടെ ഭാഗത്തുനിന്നുണ്ടായി. കേസില്‍ എതിര്‍ കക്ഷിയായ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് അയച്ചുയ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്ന പൂജ അതുപോലെ നിലനിര്‍ത്തണം. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചു.
ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിന്റെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു.
അതെ സമയം തന്ത്രിയുടെ സഹായത്തോടെ ഭരണ സമിതി തെറ്റായ പല തീരുമാനങ്ങളും കൈകൊള്ളുകയാണ് എന്നാണ് ഭക്തരുടെ ആക്ഷേപം. എന്ത് തീരുമാനം എടുക്കുമ്പോഴും ദേവ ഹിതം നോക്കി എന്നാണ് ദേവസ്വം ഹൈക്കോടതിയിൽ പറയുക. ദേവസ്വത്തിന്റെ വാദം അംഗീകരിക്കുകയാണ് ഹൈക്കോടതി ഇത് വരെ ചെയ്തു വന്നത്.