ബൈക്കില്‍ കെട്ടിയിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിൽ

കോട്ടയം: ബൈക്കില്‍ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം പാറകുളത്തിൽ കണ്ടെത്തി . കോട്ടയത്തിന് സമീപത്തുള്ള കറുകച്ചാലിലെ പാറക്കുളത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടത് . ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31) മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Vadasheri

ആലപ്പുഴ സ്വദേശിയായ മുകേഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പാറക്കുളത്തില്‍ നിന്നും മുകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പോലീസും പാമ്ബാടി അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മറ്റ് കാര്യങ്ങള്‍ പറയാമെന്നാണ് പൊലീസ് നിലപാട്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.