header 4

പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ”ദര്‍പ്പണം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസം: 4-ന്

ഗുരുവായൂര്‍: തിരുവെങ്കിടം പുത്തൂര്‍ ഉട്ടൂപ്പ് മാസ്റ്റര്‍-ഏല്യാകുട്ടി ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ട് പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ”ദര്‍പ്പണം” എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം, ഡിസം: 4-ന് തിരുവെങ്കിടം കോടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ: സെബി ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിയ്ക്കും.

Astrologer

സുഹൃദ്‌സംഗമം, എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ തോമസ്സ് കാക്കശ്ശേരി, കൂത്തുപറമ്പ് എം.എല്‍.എ: കെ.പി. മോഹനന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ ”മതഗ്രന്ഥങ്ങളിലെ മാനവികത” എന്ന വിഷയത്തില്‍, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം വേദഗവേഷണ കേന്ദ്രം ചെയര്‍മാന്‍ വടക്കുമ്പാട്ട് നാരായണന്‍ പുസ്തകത്തെ സദസ്സിന് പരിചയം നടത്തും.

ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലേറിയന്‍ ഗുരുവായൂര്‍ ഇടവകാംഗം ഫ: തോമസ് വടക്കേതലയെ ചടങ്ങില്‍ ആദരിയ്ക്കും. ജാതി-മത വ്യവസ്ഥിതികള്‍ക്കപ്പുറം നിര്‍ധനരും, ആലംബഹീനരുമായവര്‍ക്ക് കാരുണ്യത്തിന്റെ തൂവ്വല്‍സ്പര്‍ശമാകുക എന്നതാണ് പുത്തൂര്‍ ഉട്ടൂപ്പ് മാസ്റ്റര്‍-ഏല്യാകുട്ടി ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്ഥാപക പ്രസിഡണ്ട് പി.ഐ. സൈമണ്‍ മാസ്റ്റര്‍, ട്രസ്റ്റ് ഭാരവാഹികളായ പി.ഐ. വര്‍ഗ്ഗീസ്, പി.ഐ. ആന്റോ, പി.ഐ. ജോസഫ്, പി.ഐ. ലാസര്‍ എന്നിവര്‍ അറിയിച്ചു.