ദനചുഴലി നാളെ കര തൊടും,സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത.
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സഞ്ചാര പാത നിരീക്ഷിക്കുകയാണെന്നും ബംഗ്ലാദേശിനെയോ ഒഡീഷയെയോ ആണോ ചുഴകാറ്റ് കൂടുതല്‍ ബാധിക്കുകയെന്ന് അധികൃതര്‍ നിരീക്ഷിക്കുകയാണ്. കേന്ദ്രപാറ, ബാലസോര്‍, ഭദ്രക് തുടങ്ങിയ മൂന്ന് ജില്ലകളെ ആകും ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക.
ദന ചുഴലിക്കാറ്റ് ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ടീമുകളെ സജ്ജീകരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
മഴവെള്ളം വേഗത്തില്‍ ഒഴുക്കി വിടുന്നത് ഉറപ്പാക്കാന്‍ എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദന ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളിലെ എനര്‍ജി ഗ്രിഡുകളും എമര്‍ജന്‍സി ട്രാന്‍സ്മിഷന്‍ ടവറുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്‌ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്‌സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതുണ്ട്. 7 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്ക്കും 20 സെന്റിമീറ്ററില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തി ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടിയായി ഒഡിഷയില്‍ ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ 14 ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ഒക്‌ടോബര്‍ 23 ന് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ പുര്‍ബ, പശ്ചിമ മേദിനിപൂര്‍, വടക്ക്, തെക്ക് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലി കാറ്റിന്റ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.