
പയ്യന്നൂരിൽ ദളിത് യുവതിക്ക് പോലീസ് മർദ്ദനം,വ്യാപക പ്രതിഷേധം

കണ്ണൂർ: രാജ്യവ്യാപക പണിമുടക്കിന്റെ രണ്ടാം ദിനം, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഒൻപതോളം പോലീസുകാർ ചേർന്ന് മർദ്ദിച്ച് അവശയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം വിവാദമായതോടെ മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

എന്താണ് സംഭവം?
ഒരു വർഷം മുൻപ് യുവതി സ്വന്തം പേരിലുള്ള സ്കൂട്ടർ ഒരാൾക്ക് കൈമാറിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പയ്യന്നൂർ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പണിമുടക്കായതിനാൽ എത്താൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിട്ടും, വീട്ടിൽ വന്ന് ബലമായി പിടിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ചത്.
പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ക്യാമറയില്ലാത്ത ഹാളിൽ കൊണ്ടുപോയി ഒൻപതോളം പോലീസുകാർ ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. സ്കൂട്ടർ വിൽപ്പന, അതിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് നിരന്തരം ചോദ്യം ചെയ്യുകയും ടോർച്ചർ ചെയ്യുകയും ചെയ്തു.
താൻ വാഹനം വിറ്റെന്നും, ആ വ്യക്തിയുമായി പരിചയമുണ്ടെന്നുമല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും, ജോലിയോ വരുമാനമോ ഇല്ലാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയിലാണെന്നും യുവതി പലതവണ ആവർത്തിച്ചു പറഞ്ഞു.
ക്രൂരമായ മർദ്ദനം
ഏറെ ദയനീയമായ അവസ്ഥയിലാണ് മർദ്ദനം നടന്നതെന്ന് യുവതി പറയുന്നു. ആർത്തവ സമയമാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ വനിതാ പോലീസ് ഉദ്യോഗസ്ഥ ബൂട്ടിട്ട കാലുകൊണ്ട് പാദങ്ങളിൽ കയറി നിൽക്കുകയും, കൈകൾ പിണച്ച് പിടിച്ചുകൊണ്ട് മുട്ടുകാൽ കൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു.

കൂടാതെ, നെറ്റിക്കും കണ്ണിനും തലയുടെ ഇരുവശത്തും കൈചുരുട്ടി ഇടിക്കുകയും, തല പിടിച്ച് ചുമരിൽ തുടർച്ചയായി ഇടിപ്പിക്കുകയും ചെയ്തു. തല പൊട്ടി രക്തം വന്നിട്ടും മർദ്ദനം നിർത്തിയില്ല. മറ്റു പോലീസുകാർ കേട്ടാൽ അറക്കുന്ന അസഭ്യങ്ങളും ലൈംഗിക അർത്ഥമുള്ള വാക്കുകളും ഉപയോഗിച്ച് അപമാനിച്ചുവെന്നും യുവതി വെളിപ്പെടുത്തി.
ആശുപത്രിയിലും ഭീഷണി
ഒരു മാധ്യമസുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കാൻ സാധിച്ചതിനെ തുടർന്ന് പോലീസുകാർ യുവതിയെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ, ഡോക്ടറോട് മർദ്ദനവിവരം പറഞ്ഞതിന് “ഞങ്ങളുടെ ജോലി കളയാനല്ലേടി” എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്രേ. പരാതിയില്ലെന്ന് വെള്ളപേപ്പറിൽ എഴുതി ഒപ്പിടുവിക്കുകയും, അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് മൊബൈൽ ഫോൺ തിരികെ നൽകാതെ സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടത്. പിന്നീട് റോഡ് മുറിച്ചുകടക്കുമ്പോഴാണ് പിന്നാലെ ചെന്ന് മൊബൈൽ തിരികെ നൽകിയത്.
അന്വേഷണം ഡി വൈ എസ് പി ക്ക്
പിറ്റേദിവസം കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി, കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പയ്യന്നൂർ പോലീസിനെതിരെ പരാതി നൽകി.
നിലവിൽ പയ്യന്നൂർ ഡിസ്പ് ഡി വൈ എസ് പി ക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. പോലീസിലെ ദളിത് പീഡനം തടയാൻ കർശന നടപടികൾ വേണമെന്നും, കുറ്റക്കാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.