
ഉപയോഗിക്കാത്ത സിലിണ്ടർ പൊട്ടിത്തെറിച്ചു,ഐ ഒ സി 2.10 ലക്ഷം നഷ്ടം നൽകണം
തൃശൂർ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശ്ശൂർ മറ്റം തലക്കോട്ടൂർ വീട്ടിൽ ടി.എം.ലോറൻസ് ഫയൽ ചെയ്ത ഹർജിയിലാണ് കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചീഫ് ഏരിയ മാനേജർക്കെതിരെ വിധിയായത്. ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് .

വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറിൻ്റെ അപാകത കൊണ്ടാണ് ഇപ്രകാരം അപകടം സംഭവിച്ചതെന്നായിരുന്നു ലോറൻസിൻ്റെ ആരോപണം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിൽ സംഭവിച്ച അഗ്നിസ്ഫുലിംഗമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നിലപാട്. ഗ്യാസ് സിലിണ്ടർ ലീക്ക് രഹിതമായി നിറക്കേണ്ട ബാധ്യത എതിർകക്ഷിയുടേതാണെന്ന് കോടതി വ്യക്തമാക്കി. തകരാറുള്ള സിലിണ്ടർ വിതരണം ചെയ്യുന്നത് സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി നിരീക്ഷിച്ചു. വേണ്ടത്ര കരുതലോടെയല്ല ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് എതിർകക്ഷി പ്രവർത്തിച്ചിട്ടുള്ളതെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നഷ്ടം 1,50,000/- രൂപയും മാനസികവിഷമത്തിന് പരിഹാരമായി 50,000/- രൂപയും ചിലവിലേക്ക് 10,000/- രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി