Above Pot

സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്തണം : വി ഡി സതീശൻ.


തൃശൂർ : സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്ത ണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുപമയ്ക്ക് നീതി കിട്ടണം . ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയമം കൈയ്യിൽ എടുത്തതിന്റെ ദുരന്തഫലമാണ് സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാൻ അമ്മക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരിക്കേണ്ടി വന്നത് . കഴിഞ്ഞ 6 മാസം മന്ത്രി വീണ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.

Astrologer

അനുപമ വിഷയത്തിലും കോട്ടയം വിഷയത്തിലും കാണുന്നത് സിപിഎമ്മിന്റെ അഹങ്കാരമാണെന്നാണ് വി ഡി സതീശൻ പറയുന്നത്. കോട്ടയത്തെ വനിതാ എഐഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ എങ്ങനെയാണ് പരാതിക്കാരിക്കെതിരെ തന്നെ കള്ള കേസ് എടുക്കുന്നതെന്നാണ് ചോദ്യം. സിപിഐക്ക് എങ്ങനെയാണ് സ‌ർക്കാരിന്റെ ഭാ​ഗമാകാൻ കഴിയുന്നതെന്ന് സതീശൻ പരിഹസിച്ചു. സിപിഐക്ക് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരും.

അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട് . പരാതി വിഡിയോ കോണ്‍ഫറന്‍സ് വഴി 18 മിനുട്ട് കേട്ടിട്ടും ചെയര്‍പേഴ്സണ്‍ അനങ്ങിയില്ല. പരാതി എഴുതി നല്‍കിയില്ലെന്ന് വിവരാവകാശ രേഖയില്‍ വിചിത്ര മറുപടി നല്‍കി.

കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതിയില്‍ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ അഡ്വ. സുന്ദന ഓണ്‍ലൈൻ സിറ്റിംഗ് നടത്തിയത്. അതിന് ശേഷം പരാതി നേരിട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചു. കൊവിഡ് കാലത്ത് എല്ലാ ഓഫീസുകളും അടഞ്ഞ് കിടക്കുമ്പോഴാണ് പരാതി നേരിട്ട് നല്‍കണമെന്ന വിചിത്ര ന്യായമെന്ന് കൂടി ഓര്‍ക്കുക. ഓണ്‍ലൈനായി സിറ്റിംഗ് നടത്തിയ ചെയര്‍പേഴ്സണ്‍ പൊലീസിനെ അറിയിക്കാതെ അത് പൂഴ്ത്തി. കുട്ടിയെ ദത്ത് നല്‍കാനുള്ള നടപടി ക്രമങ്ങളിലും അനുപമയുടെ പരാതി മനസിലൊളിപ്പിച്ച് ചെയര്‍പേഴ്സണ്‍ പങ്കെടുത്തു.

കുഞ്ഞിനെ കാണാതായ സംഭവത്തില്‍ സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ ഈ മാസം പത്തിന് നല്‍കിയ വിവരാവാകാശത്തിനുള്ള മറുപടിയലും ഒളിച്ചു കളി തുടരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന പരാതി അനുപമ സിഡബ്ല്യൂസിക്ക് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ‘ഇല്ല’. എന്നാല്‍ ഫോണിലൂടെ നല്‍കിയ പരാതിയില്‍ സിറ്റിംഗ് നടത്തിയെന്നും പറയുന്നു. ഒരേ ചോദ്യത്തിന് വ്യത്യസ്ത മറുപടി.

സംഭവത്തില്‍ ആദ്യമേ പ്രതിക്കൂട്ടിലായ പൊലീസ് ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള നടപടികളിലാണ്. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നായിരുന്നു അച്ഛൻ ജയചന്ദ്രന്‍റെ ആദ്യ മൊഴി. ഇതിനെതിരെ തന്നെ നിര്‍ബന്ധിച്ചാണ് സമ്മതപത്രം ഒപ്പിട്ടതെന്ന് അനുപമ രംഗത്തെത്തി. ഈ മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിനെ എപ്പോള്‍ എവിടെ വച്ച് എന്ന് കൈമാറി എന്ന വിവരവും തേടാൻ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ്, അച്ഛന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ ചോദ്യം ചെയ്യും. ശിശുക്ഷേമ സമിതിയില്‍ നിന്നും കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാത്തതിനാല്‍ സംസ്ഥാന കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് സമിതിയില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ്‌ കത്ത് നല്‍കി.

Vadasheri Footer