Above Pot

സി പി എം നേതാവിന്റെ ഹോട്ടലിൽ പഴകിയ ഭക്ഷണം , പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു

ഗുരുവായൂർ : സി പി എം നേതാവിന്റെ ഹോട്ടലിൽ ഭക്ഷണം കഴിച്ചവർ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധനക്ക് എത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ നേതാവിന്റെ സഹോദരനും ജോലിക്കാരും ചേർന്ന് തടഞ്ഞുവെച്ചു. സ്ത്രീ ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ടു . സിപിഎം ലോക്കൽ സെക്രട്ടറി കെ ആർ സൂരജിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേ നടയിലെ ടേസ്റ്റി പാലസ് എന്ന ഹോട്ടലിലാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചത് . ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി പാർസൽ വാങ്ങിച്ച യുവതിക്ക് ഭക്ഷണത്തിൽ നിന്ന് കോഴി തൂവൽ ലഭിച്ചിരുന്നു. ഇവർ നഗരസഭയിൽ നൽകിയ പരാതി പ്രകാരമാണ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധനയ്ക്ക് എത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് അടുക്കള പ്രവർത്തിക്കുന്നതെന്നും ഹോട്ടൽ അടച്ചുപൂട്ടണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശം നൽകി.

Astrologer


മുകളിലെ മുറിയിലെ ഫ്രീസറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന 65 കിലോയോളം ചിക്കൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ഫ്രീസറിലെ വെള്ളത്തിലാണ് ചിക്കൻ സൂക്ഷിച്ചിരുന്നത് ഇവ താഴെയിറക്കാൻ ശ്രമിച്ച സാനിറ്റേഷൻ വർക്കർമാരായ കെ.എ. പ്രീത, പി.കെ. നജ്മ എന്നിവരെയാണ് ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത്. ഏറെ നേരത്തെ ബഹളത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. റിപ്പോർട്ട് എഴുതി പഴകിയ ഇറച്ചി കൊണ്ടുപോകാൻ ശ്രമിച്ച പബ്ലിക്കൽ ഇൻസ്പെക്ടർമാരായ കെ.ബി. സുബിൻ, എം.ഡി റിജേഷ് എന്നിവരെയും ഹോട്ടൽ ജീവനക്കാർ തടഞ്ഞുവെച്ചു. ഇന്ന് രാവിലെ വാങ്ങിയ ചിക്കനാണിതെന്നും കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഹോട്ടലുടമ അറിയിച്ചു.

ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെത്തുടർന്ന് ഹോട്ടലുടമയുടെ ഗുണ്ടായിസത്തിന് കീഴടങ്ങിയ നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിന്റെയും നഗരസഭ ചെയർമാൻ എം. കൃഷ്ണദാസിന്റെയും നിർദ്ദേശപ്രകാരം 250 ഗ്രാം ചിക്കൻ മാത്രം പരിശോധനക്കെടുത്തു. സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുമതിയും നൽകി. സംഭവത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയതായി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നിസാർ അറിയിച്ചു. പഴകിയ ഭക്ഷണം വിളമ്പുന്നത് , പരിശോധിക്കാൻ ചെല്ലുന്ന ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തി ഓടിക്കുന്നത് ഭരണത്തിന്റെ തണൽ ഉള്ളത് കൊണ്ടാണെന്നു പ്രതിപക്ഷം ആരോപിച്ചു

Vadasheri Footer