കോവിഡ് കാരണം വിവാഹം മാറ്റിവെച്ചു , അഡ്വാൻസ് തുക തിരിച്ചു നൽകാതെ ഗുരുവായൂരിലെ വിവാദ ഹോട്ടൽ
ഗുരുവായൂർ : കോവിഡ് കാരണം വിവാഹം മാറ്റി വെച്ചതിനെ തുടർന്ന് ഹോട്ടലിൽ നൽകിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ലെന്ന് ആക്ഷേപം . തെക്കേ നടയിൽ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിനെതിരെയാണ് പുതിയ പരാതി . മതിലകം വാഴൂർ വീട്ടിൽ മദനന്റെ മകൻ മുഖിലും പാലക്കാട് പുതു പരിയാരം കണ്ണാടി വീട്ടിൽ ഉഷ യുടെ മകൾ അനിഷയുടെയും വിവാഹമാണ് കോവിഡ് കാരണം മാറ്റി വെച്ചത് . വിദേശത്തുള്ള വരൻ വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെടുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിവാഹം മാറ്റി വെക്കേണ്ടി വന്നത് .
ജനുവരി 20 ഗുരുവായൂർ ക്ഷേത്രത്തിൽ താലികെട്ടും നൂറു പേർക്കുള്ള സദ്യ തെക്കേ നടയിലെ വിവാദ ഹോട്ടലിലും ഏർപ്പാട് ചെയ്തിരുന്നത് , നൂറു പേരുടെ സദ്യക്കും ഹാൾ വാടകയുമായി 1.30ലക്ഷം രൂപയാണ് ഹോട്ടലിന് നൽകേണ്ടത് അഡ്വാൻസ് തുകയായി 20,000 രൂപ നൽകുകയും ചെയ്തു. വരന് . കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജനുവരി 12 ന് ഹോട്ടലിൽ എത്തി വിവാഹം മാറ്റി വെച്ചെന്നും അടുത്ത മുഹൂർത്ത ദിനമായ ജനുവരി 27ന് വിവാഹം നടത്താൻ കഴിയുമോ എന്നും ആരാഞ്ഞു, വരന് ഈ മാസം തന്നെ വിദേശത്തേക്ക് പോകേണ്ടതിനാൽ വിവാഹം അടുത്ത മാസത്തേക്ക് നീട്ടി വെക്കാൻ കഴിയാത്ത നിലയിൽ ആയിരുന്നു ഇവർ .
. ജനുവരി 27ന് തങ്ങൾക്ക് മറ്റൊരു വിവാഹം ഉള്ളതിനാൽ അതിന് കഴിയില്ലെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ മറുപടി നൽകി . എന്നാൽ തങ്ങൾ അഡ്വാൻസ് നൽകിയ തുക തിരിച്ചു ചോദിച്ച ഇവരോട് മോശമായാണ് പ്രതികരിച്ചതത്രെ. ഹോട്ടൽ നടത്തിപ്പുകാരന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് വിവാഹം നടത്താത്തതിനെ തുടർന്ന് ഹോട്ടലിനുണ്ടായ വരുമാന നഷ്ടം പോലും നിങ്ങൾ കൊടുക്കേണ്ടി വരുമെന്ന രീതിയിലാണ് ഹോട്ടലിലെ ജീവനക്കാർ പ്രതികരിച്ചതത്രെ.
ഗുരുവായൂർ ഏകാദശി ദിവസം ഇവിടെ മുറിയെടുത്ത യുവ ദമ്പതികളുടെ , കിടപ്പറ ദൃശ്യങ്ങൾ പകർത്തിയോ എന്ന സംശയത്തിൽ ഹോട്ടൽ നടത്തിപ്പുകാരനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് ടെമ്പിൾ പോലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട് . മുറിയിൽ വിശ്രമിച്ച ശേഷം മുറി പുറത്ത് നിന്ന് പൂട്ടി വൈകീട്ട് ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോയി. ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തങ്ങൾ താമസിച്ചിരുന്ന 107 നമ്പർ മുറി അകത്ത് നിന്ന് വാതിലിന്റെ മുകളിലെ ബോൾട്ട് ഇട്ട നിലയിലും ഫാനും ,ലൈറ്റും പ്രവൃത്തിക്കുന്നതും കണ്ടു .
. പുറത്ത് നിന്നും മുറി തുറക്കാൻ കഴിയാത്തതിനെ തുടർന്ന് ഹോട്ടലിലെ ഒരു ജീവനക്കാരൻ സമീപത്തെ 106 നമ്പർ മുറി തുറന്ന് പിറകിലെ ജനൽ വഴി സൺ ഷെയ്ഡിൽ കടന്ന് 107 നമ്പർ മുറിയുടെ ജനൽ വഴി അകത്ത് കടന്നാണ് ബോൾട്ട് തുറന്ന് കൊടുത്തത് . കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ ഹോട്ടൽ അധികൃതർ ഒളി കാമറ വെച്ചിട്ടുണ്ടായിരുന്നോ എന്നാണ് ഇവരുടെ സംശയം ഇതിനെ തുടർന്നാണ് കോഴിക്കോട് വടകര ശ്രീവത്സത്തിൽ ശ്രീധന്റെ മകൻ രാജേഷ് ടെംപിൾ പോലീസിൽ പരാതി നൽകിയത് .
സംസ്ഥാന പൊലീസിലെ ചില ഉന്നതരും കുടുംബാംഗങ്ങളും ഗുരുവായൂരിൽ എത്തുമ്പോൾ സൗജന്യമായി താമസിക്കുന്നത് ഇവിടെയാണത്രെ . അതിനാൽ പൊലീസിലെ ഉന്നതരുമായി ഹോട്ടൽ നടത്തിപ്പുകാരന് നല്ല ബന്ധമാണ്. അത് കൊണ്ട് തന്നെ കോഴിക്കോട് സ്വദേശി നൽകിയ പരാതി ഒന്നുമില്ലാതെ ആയി പോയെന്നാണ് പുറത്തു നിന്നും ലഭിക്കുന്ന വിവരം , എന്നാൽ ജീവനക്കാരുടെ മൊബൈൽ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് ലഭിക്കാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് ടെമ്പിൾ പോലീസ് നൽകുന്ന മറുപടി