കോവിഡ് വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം

ഗുരുവായൂര്‍: അറിയിപ്പ് അനുസരിച്ച് കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവർക്ക് നൽകാൻ വാക്സിൻ ഇല്ല , ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘർഷം .നഗരകുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കാമെന്ന അറിയിപ്പനുസരിച്ച് എത്തിയ നൂറ് കണക്കിന് പേര്‍ക്ക് വാക്സിൻ ലഭിച്ചില്ല. വാക്‌സിന്‍ മറിച്ച് നല്‍കിയെന്ന ആരോപണവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

നഗരസഭ പരിധിയിലെ പൂക്കോട്, തൈക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ കഴിഞ്ഞതിനാല്‍ നഗരകുടുബാരോഗ്യ കേന്ദ്രത്തിലെത്തണമെന്നായിരുന്നു അറിയിപ്പ് നല്‍കിയത്. ഇതനുസരിച്ച് രാവിലെ എട്ടിന് ടോക്കണ്‍ ലഭിക്കാനായി ആറിന് തന്നെ പലരും സ്ഥലത്തെത്തിയിരുന്നു. മുന്നൂറിലധികം പേരാണ് നഗരകുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ തടിച്ച് കൂടിയത്. കൃത്യമായ സാമൂഹിക അകലം പാലിച്ചായിരുന്നു വരി നിന്നത്. എന്നാല്‍ 30 പേര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനാകുവെന്ന് മെഡിക്കല്‍ ഓഫീസര്‍ സിത്താര അപ്പുകുട്ടന്‍ അറിയിച്ചതോടെ നാട്ടുകാര്‍ വരിതെറ്റിച്ച് കൂട്ടമായി ബഹളം വച്ചു.

ആദ്യ വാക്‌സിന്‍ സ്വീകരിച്ച് രണ്ടാമത്തെ വാക്‌സിന് സമയമായവരാണ് എത്തിയിരുന്നവരില്‍ ഭൂരിഭാഗം പേരും. ആദ്യ വാക്‌സിന്‍ സ്വീകരിക്കാനുള്ളവര്‍ക്കും ഇതേ സമയമാണ് നല്‍കിയിരുന്നത്. ഭൂരിഭാഗം പേരും 60വയസ് കഴിഞ്ഞവരുമായിരുന്നു. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷം വാക്‌സിന്‍ ലഭിക്കില്ലെന്നറിഞ്ഞതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ആരോഗ്യവിഭാഗം ജീവനക്കാരുമായി തട്ടികയറി. പോലീസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ആദ്യ വാക്‌സിനെടുത്ത് സമയപരിധി അവസാനിക്കാറായവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാമെന്നറിയിച്ചതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.

നഗരസഭ പരിധിയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 23 പേര്‍ക്കും അര്‍ബന്‍ സോണില്‍ 12 പേര്‍ക്കും തൈക്കാട് സോണില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒന്ന്, 26 എന്നീ വാര്‍ഡുകളില്‍ നാല് പേര്‍ക്ക് വീതവും നാല്, 15 എന്നീ വാര്‍ഡുകളില്‍ മൂന്ന് പേര്‍ക്ക് വീതവും രോഗം കണ്ടെത്തി. മറ്റു വാര്‍ഡുകളില്‍ ഒരാള്‍ വീതമാണ് രോഗികളായത്