
കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; മുൻ സിപിഎം പ്രവർത്തകന്റെ കാർ തകർത്തു

ഗുരുവായൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചതിലുള്ള വൈരാഗ്യത്തിൽ മുൻ സിപിഎം പ്രവർത്തകന്റെ കാർ എറിഞ്ഞു തകർത്തു. പേരകം സ്വദേശി ചെമ്മണ്ണൂർ വീട്ടിൽ സിഎഫ് സജിയുടെ കാറാണ് എറിഞ്ഞു തകർത്തത്.

ഏതാനും ദിവസങ്ങളായി സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി സജി പറയുന്നു. ഇതിനിടയാണ് ഇന്ന് രാവിലെ 11 മണിയോടെ വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞു തകർത്തത്.

സജിയുടെ സഹോദരൻ്റെ പേരിലുള്ള കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. മേഖലയിലെ കുറച്ച് ആളുകൾ സിപിഎം വിട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സജി ആരോപിച്ചു.

ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൂക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആന്റോ തോമസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
