
ഒരുകാലത്തുമില്ലാത്തപോലെ ക്രൈസ്തവര്‍ പ്രതിസന്ധി നേരിടുന്നു-മാര്‍ റാഫേല്‍ തട്ടില്‍

ചാവക്കാട് : ഒരുകാലത്തുമില്ലാത്തതു പോലെ ജീവിക്കാനോ വളരാനോ സാധിക്കാത്ത വിധത്തില്‍ പ്രതിസന്ധിയിലൂടെയാണ് ക്രൈസ്തവ സമൂഹം കടന്നുപോകുന്നതെന്ന് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന്

സഭയുടെ മുഖ്യദൗത്യം പള്ളിയുടെ സ്വത്ത് സൂക്ഷിപ്പും നടത്തിപ്പും ആരാധനയും മാത്രമല്ല. ക്രിസ്തുവിന്റെ ദൗത്യം എല്ലാവരെയും അറിയിക്കുകയാണ് വേണ്ടത്. മാനസാന്തരപ്പെടുത്തി മാമോദീസ മുക്കുക എന്നതിലുപരി നമ്മുടെ ജീവിതശൈലി മറ്റുള്ളവര്‍ക്ക് വഴികാട്ടുന്നതാവണം. ക്രിസ്തുമതം ജീവിക്കുന്നത് പള്ളിക്കകത്തു മാത്രമല്ല, പള്ളിക്കുപുറത്ത് വേദനിക്കുന്ന സഹോദരന് കരംകൊടുത്ത് കരുത്തുപകരുമ്പോഴാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ ഭയപ്പെടുന്നില്ലെന്നും സഭയ്ക്ക് പ്രത്യാശയുണ്ടെന്നും യോഗത്തില്‍ അധ്യക്ഷനായ സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് എത്തിയ മോണ്‍. പാസ്കല്‍ ഗോള്‍നിഷ് വിശിഷ്ടാതിഥിയായി. പാസ്റ്ററല്‍ സെക്രട്ടറി ജോഷി വടക്കന്‍ വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തീര്‍ത്ഥാടനം ചെയര്മാന് വികാരി ജനറാള്‍ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍, വൈസ് ചെയര്മാന് മോണ്‍.ജോസ് കോനിക്കര, ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ പോള്‍ ചെമ്മണ്ണൂര്‍, വര്‍ക്കിങ് ചെയര്മാന് ഫാ.ഡേവിസ് കണ്ണമ്പുഴ, ഫാ.ക്ലിന്റ് പാണെങ്ങാടന്‍, ഫാ.അജിത്ത് കൊള്ളന്നൂര്‍, സി. മെറിന്, ഡോ. മേരി റെജീന, ജോ.കണ്‍വീനര്‍ ഫാ. ഡിക്സണ്‍ കൊളമ്പ്രത്ത്, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരന് സേവ്യര്‍ വാകയില്‍, ഫൊറാന ജനറല്‍ കണ്‍വീനര്‍ തോമസ് ചിറമ്മല്‍, ഫോറോന കൗണ്‍സില്‍ സെക്രട്ടറി പി.ഐ. ലാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തിലെ മുഖ്യപദയാത്ര തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വള്ളൂരാന് പേപ്പല്‍ പതാക കൈമാറിയതോടെ തുടക്കമായി. മുഖ്യ പദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകളും രാവിലെ പാലയൂരിലേക്ക് പുറപ്പെട്ടു.
ബ്ലാങ്ങാട് സാന്ത്വനതീരത്തുനിന്ന് മുനയ്ക്കകടവ് – ബ്ലാങ്ങാട് മേഖലയിലെ മത്സ്യതൊഴിലാളികള്‍ നയിച്ച പദയാത്ര രാവിലെ പാലയൂരിലെത്തി. ആദ്യഘട്ടത്തിലെ മുഖ്യപദയാത്രയും ഉപ പദയാത്രകളും രാവിലെ പതിനൊന്നോടെ പാലയൂരിലെത്തി.
. ഉച്ചതിരിഞ്ഞ് പാവറട്ടി സെയിന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ ദിവ്യബലിക്ക് ശേഷം തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവിലില്‍നിന്ന് പാവറട്ടി ഇടവക വികാരി ഫാ. ആന്റണി ചെമ്പകശ്ശേരി പതാക ഏറ്റുവാങ്ങിയതോടെ രണ്ടാംഘട്ട പദയാത്ര തുടങ്ങി. പദയാത്രയില്‍ അതിരൂപതയിലെ യുവജനങ്ങളും വിശ്വാസികളും സന്യസ്തരും അടങ്ങുന്ന ആയിരങ്ങള്‍ അണിനിരന്നു. മുപ്പതിനായിരം പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണം തീര്‍ഥകേന്ദ്രത്തില്‍ ഒരുക്കിയിരുന്നു. തീര്‍ഥാടനത്തിന്റെ ഭാഗമായി രാവിലെ മുതല്‍ തുടര്‍ച്ചയായി തീര്‍ഥകേന്ദ്രത്തില്‍ കുര്‍ബ്ബാന ഉണ്ടായി.