ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17-ന്) ഭക്തജന ഘോഷയാത്ര, ഐശ്വര്യ വിളക്ക് സമര്‍പ്പണം, ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം എന്നിവ സമുചിതമായ് ആഘോഷിയ്ക്കപ്പെടുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.
അന്നുച്ചയ്ക്ക് മൂന്നുമണിയ്ക്ക് മജ്ഞുളാല്‍ പരിസരത്ത് ഗുരുവായൂര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിചേരുന്ന 200-ഓളംപേര്‍ ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മജ്ഞുളാല്‍തറ മേളം നടക്കും. മേളത്തിനുശേഷം, ഒന്നര പതിറ്റാണ്ടോളമായി വാദ്യകലയില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് ചിങ്ങമഹോത്സവ കമ്മറ്റി നല്‍കിവരുന്ന 10001 രൂപയും, പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്ന തെക്കൂട്ട് വേണുഗോപാല്‍ സ്മാരക ശ്രീഗുരുവായൂരപ്പന്‍ പുരസ്‌ക്കാരം, വാദ്യകുലപതി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് സമ്മാനിയ്ക്കും.
തുടര്‍ന്ന് ഇസ്‌ക്കോണ്‍ നേതൃത്വം നല്‍കുന്ന ഭക്തിഗീതം, ദേവസ്വരൂപ വേഷങ്ങള്‍, താലപ്പൊലി എന്നിവയോടും, പ്രമോദ്കൃഷ്ണ നയിയ്ക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുംകൂടെ, ഗുരുവായൂര്‍ ക്ഷേത്ര തിരുസന്നിധിയിലേയ്ക്ക് ഭജന ഘോഷയാത്രയും ഉണ്ടായിരിയ്ക്കും. തുടര്‍ന്ന് കിഴക്കേനട ദീപസ്തംഭത്തിന് മുന്നില്‍ നറു നെയ്യില്‍ അഞ്ഞൂറോളം ഐശ്വര്യ വിളക്കുകള്‍ ഭക്തര്‍ തെളിയിയ്ക്കുന്നതോടെ ചിങ്ങമഹോത്സവത്തിന് പരിസമാപ്തിയാകും.
ചിങ്ങമഹോത്സവത്തിന് തുടക്കം കുറിച്ച് ചൊവ്വ വൈകീട്ട് 5 മണിയ്ക്ക് മജ്ഞുളാല്‍ പരിസരത്ത്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ചിങ്ങമഹോത്സവ കൊടിയേറ്റം നിര്‍വ്വഹിയ്ക്കും. ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ തുടങ്ങി ആദ്ധ്യാത്മിക-സാംസ്‌ക്കാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബാലന്‍ വാറണാട്ട്, ജി.കെ. പ്രകാശന്‍, അനില്‍ കല്ലാറ്റ്, ശ്രീധരന്‍ മാമ്പുഴ, കെ.ടി. ശിവരാമന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.