Header 1 = sarovaram
Above Pot

ചെമ്പുച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണം; അഴിമതിയില്‍ സിപിഎം നേതാക്കള്‍ക്ക് പങ്ക് : വി.ഡി. സതീശന്‍

തൃശൂർ : ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മ്മാണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നേ മുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കേണ്ടി വന്നിട്ടും ആരുടെയും പേരില്‍ കേസെടുത്തിട്ടില്ലെന്നും വി.ഡി. സതീശന്‍. ചെമ്പൂച്ചിറ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കെട്ടിട നിര്‍മ്മാണത്തില്‍ വന്‍അഴിമതിയാണ് നടന്നത്. കെട്ടിടം പൊളിച്ച് നീക്കുമ്പോഴും ആര്‍ക്കും എതിരെ കേസെടുത്തിട്ടില്ല. കേസെടുത്താത്തതിന് കാരണം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് പിന്നിലുള്ളതു കൊണ്ടാണ്. ഉദ്യോഗസ്ഥന്‍മാരും അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ട്. നിരവധി ഏജന്‍സികളെയാണ് കിഫ്ബി ക്വാളിറ്റി പരിശോധനയ്ക്ക് വിടുന്നതെന്നാണ് പറയുന്നത്. ക്വാളിറ്റി പരിശോധനയ്ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ ഈ പരിശോധന മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതാണ് കിഫ്ബിയില്‍ നടക്കുന്ന ക്വാളിറ്റി പരിശോധനയെന്ന് ഇപ്പോഴാണ് വ്യക്തമായത്.

Astrologer

സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള ക്രമക്കേടാണ് നിര്‍മ്മാണത്തില്‍ നടന്നത്. എന്നിട്ടും ഉത്തരവാദികളായവര്‍ക്കെതരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. മൂന്നേമുക്കാല്‍ കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റിയിട്ടും ആര്‍ക്കും എതിരെ കേസെടുക്കാത്തത് ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്തതാണ്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാന്‍ മടിച്ചാല്‍ നിയമപരമായ വഴികള്‍ യു.ഡി.എഫ് തേടും.

പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായപ്പോള്‍ പരിശോധന നടത്താനാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിന് തയാറാകാതെ പാലം പൊളിച്ച് പണിതു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിസപാടാണ് ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടത്തിന്റെ കാര്യത്തില്‍ കാട്ടുന്നത്. ഇതിന് പിന്നിലുള്ള വസ്തുതകള്‍ പുറത്ത്‌കൊണ്ടുവരണം.

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും കരാറുകാരനോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അവര്‍ പുതിയ പാലം പണിതേനെ. പിന്നെ എന്തിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്തത്? പൊതുമരാമത്ത് മന്ത്രിയാണോ പാലം പണിതത്? ഈ പറയുന്ന ന്യായങ്ങളൊന്നും വിലപ്പോകില്ല. ജില്ലാ പഞ്ചായത്ത് പൊളിച്ച ഓഡിറ്റോറിയം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. ഇപ്പോള്‍ രണ്ടും ഇല്ലാതായി. ഗൗരവതരമായ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോണ്‍ട്രാക്ടര്‍ പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ എന്ത് ഗുണനിലവാര പരിശോധനയാണ് കിഫ്ബി നടത്തുന്നത്? അഴിമതിയില്‍ കിഫ്ബിക്കും ഉത്തരവാദിത്തമുണ്ട്.

27 വര്‍ഷമായി ശബരി റെയിലിന് സ്ഥലം ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം വില്‍ക്കാനോ ഈട് വയ്ക്കാനോ സാധിക്കാതെ ആ പാവങ്ങള്‍ക്ക് മക്കളുടെ വിവാഹം പോലും നടത്താനാകുന്നില്ല. അതുകൊണ്ടാണ് കെ- റെയില്‍ കല്ലിടലിനെ എതിര്‍ക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. നോട്ടിഫിക്കേഷന്‍, പബ്ലിക് ഹിയറിംഗ് തുടങ്ങി നിരവധി നടപടി ക്രമങ്ങളുണ്ട്. ഇതിനൊന്നും തയാറാതാതെ സ്ഥലം ഏറ്റെടുത്ത് ജൈയ്ക്കയ്ക്ക് പണയപ്പെടുത്തി അവിടെ നിന്നും ചില്ലറ വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Vadasheri Footer