ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവംബർ 29 ന് തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവ: 29-മുതല്‍ ഡിസം: 14-വരെ നടത്തുമെന്ന് ദേവസ്വം അറിയിച്ചുസംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 3-ന് രാത്രി 12-മണിമുതല്‍ തുടങ്ങും. ഒക്ടോബര്‍ 14-വരെ അപേക്ഷിയ്ക്കാം. ശ്രീഗുരുവായൂരപ്പന്റെ നിത്യ ഉപാസകനും, കര്‍ണ്ണാടക സംഗീത കുലപതിയുമായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്‍ത്ഥമാണ് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020-ലെ സംഗീതോത്സവം പരിമിതമായ ചടങ്ങുകളോടേയാണ് നടന്നത്. കോവിഡ് വ്യാപന സാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മാത്രമാകും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ഭക്തര്‍ക്കുള്ള പ്രവേശനം. ലോകമെമ്പാടുമുള്ള സംഗീത ആരാധകര്‍ക്ക് വീടുകളിലിരുന്ന് ഈവര്‍ഷത്തെ സംഗീതോത്സവം കൂടുതല്‍ മിഴിവോടെ ആസ്വദിയ്ക്കുന്നതിനായി, ഗുരുവായൂര്‍ ദേവസ്വം യൂട്യൂബ് ചാനലിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിച്ചുവരികയാണെന്നും ചെയര്‍മാന്‍ അറിയിച്ചു. അപേക്ഷകര്‍ 2021 ആഗസ്റ്റ് 31-ന് 18-വയസ്സ് പൂര്‍ത്തിയായിരിയ്ക്കണം.
ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമായിരിയ്ക്കും ഇത്തവണ സംഗീതോത്സവത്തില്‍ പ്രവേശനം. 60-വയസ്സ് പൂര്‍ത്തിയായവര്‍ നിര്‍ബ്ബന്ധമായും രണ്ട് ഡോസ് സ്വീകരിച്ചിരിയ്ക്കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ റജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് സംഗീതജ്ഞര്‍ ഗുരുവിന്റെ സാക്ഷിപത്രം കരുതണം. ഗുരുവായൂര്‍ ദേവസ്വം ഔദ്യോഗിക വെബ് സൈറ്റായ www.guruvayurdevaswom.nic.in ലൂടേയാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നവരെ വിവരം ഈമെയിലിലൂടെ അറിയിയ്ക്കും. യോഗ്യത നേടിയ അപേക്ഷകര്‍ക്കുള്ള ക്ഷണകത്ത് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും, സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഗുരുനാഥന്റെ അസ്സല്‍ സാക്ഷിപത്രം പരിശോധനയ്ക്കായി ഹാജറാക്കണമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അറിയിച്ചു.