ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍.
തൃശൂർ : ചേലക്കര. കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം. കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്‍റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്.ഏതാനും നാളുകളായി സി.സി.ടി.വി നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. മുഖത്തും തലക്കും ഗുരുതരമായി പരിക്കേറ്റ സന്തോഷ് തൃശൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്. പത്തോളം പേരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പറയുന്നു.ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയിലെന്ന് സഹോദരൻ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് ഇന്ന് പുലർച്ചെ 2 മണിയോടെ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്നും സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞയാളാണ്. വിഷുക്കൈനീട്ടം വാങ്ങാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചേർപ്പ് തിരുവാണിക്കാവിൽ സ്വകാര്യ ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്