ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം 17-ന്
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, കലശം എന്നിവ ഉണ്ടാവും. ഒമ്പതിന് ആനകളോടുകൂടിയ ശീവേലി, ഉച്ചക്ക് 3.30-ന് ക്ഷേത്രത്തിനുള്ളില്‍ ശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ മൂന്ന് ആനകളുമായി എഴുന്നളളിപ്പ് എന്നിവ ഉണ്ടാവും.
വൈകീട്ട് 6.30-ന് വിവിധ കരകളില്‍നിന്നായി 16 കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി 8.30-ഓടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. കൂട്ടിയെഴുന്നള്ളിപ്പില്‍ കേരളത്തിലെ തലപൊക്കത്തിൽ പ്രധാനികളായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ തൃക്കടവൂർ ശിവരാജൻ പുതുപ്പള്ളി കേശവൻ, ,ചിറക്കൽ കാളിദാസൻ , ഊക്കൻസ് കുഞ്ചു തുടങ്ങിയായ 30 കൊമ്പന്മാർ അണിനിരക്കും അണിനിരക്കും. ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റും.
8.30 മുതല്‍ തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ശശി മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കലാകാരന്‍മാരെ അണിനിരത്തി പാണ്ടിമേളം നടത്തും. രാത്രി 9.30-ഓടെ കൂട്ടിയെഴുന്നള്ളിപ്പ് സമാപിക്കും. തുടര്‍ന്ന് രാത്രി പത്തോടെ ആറാട്ടും കൊടിയിറക്കവും നടക്കുന്നതോടെ പത്ത് ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. ഉത്സവത്തിന്റെ കൊടിയേറ്റം നടന്ന ശിവരാത്രി ദിനം മുതല്‍ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ കലാപരിപാടികളും മറ്റും നടക്കുന്നുണ്ട്.
നഗരസഭയുമായി സഹകരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ ഉത്സവനടത്തിപ്പെന്ന് ക്ഷേത്രം ഖജാന്‍ജി എ.എ.ജയകുമാര്‍, ജോയിന്റ് സെക്രട്ടറി കെ.എസ്.അനില്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.സി.മുരളി, കണ്‍വീനര്‍ സുനില്‍ പനക്കല്‍, ജോയിന്റ് കണ്‍വീനര്‍ എന്‍.എസ്. രത്‌നകുമാര്‍ എന്നിവര്‍ പറഞ്ഞു