Madhavam header
Above Pot

ചാവക്കാട്ട് വന്‍ മയക്ക് മരുന്ന് വേട്ട,150 ഗ്രാം എം.ഡി.എം.എ.യും ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ചാവക്കാട്: നഗരത്തില്‍ പോലീസിന്റെ വാഹനപരിശോധനക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയില്‍ ഷിനാജ്(42), ആനിക്കലോടിയില്‍ രാജീവ്(47) എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കടത്തുന്നതിനിടെ പിടിയിലായത്. 150 ഗ്രാം എം.ഡി.എം.എ.യും ഒന്നര കിലോ കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എ.യ്ക്കു 10 ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.

Astrologer

ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഗുരുവായൂര്‍ എ.സി.പി. കെ.ജി.സുരേഷ് പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ ചാവക്കാട്ടെ ഇടനിലക്കാരനു മയക്കുമരുന്ന് വില്‍ക്കാന്‍ നഗരത്തില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായതെന്ന് എ.സി.പി. പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് കാറില്‍ വരുന്ന വഴി പൊന്നാനിയിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രതികളില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. ലഹരിക്കെതിരേ തൃശ്ശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് നടത്തുന്ന പോലീസിന്റെ ”ഡ്രൈവ് എഗെയ്‌നസ്റ്റ് ഡ്രഗ്” മിഷന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ മേല്‍നോട്ടത്തില്‍ ടൗണില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

സബ് ഡിവിഷണല്‍ നൈറ്റ് ഓഫീസര്‍ എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.വിവരമറിഞ്ഞ് ചാവക്കാട് എസ്.ഐ. മാരായ എ.എം. യാസിര്‍, എസ്.സിനോജ് എന്നിവരും സ്ഥലത്തെത്തി.കാറില്‍ ചാവക്കാട്ടെ ഇടനിലക്കാരനെ കാത്തുനില്‍ക്കവെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്. മയക്കുമരുന്ന് ആര്‍ക്കു കൈമാറാനാണ് ചാവക്കാട്ട് ഇവര്‍ കാത്തുനിന്നതെന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് എ.സി.പി. പറഞ്ഞു. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എ. അക്ബറിന്റെ നിർദേശപ്രകാരം രൂപീകരിച്ച ഡാഡ് ( ”ഡ്രൈവ് എഗെയ്‌നസ്റ്റ് ഡ്രഗ്” )പദ്ധതിയുടെ ഭാഗമായി കമ്മീഷണർ ആദിത്യയുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു രാത്രിയിലെ വാഹനപരിശോധന

സി.പി.ഒ. മാരായ രഞ്ജിത്ത് ലാല്‍, അനസ്, അനു വിജയന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ആറ് മാസത്തിനിടെ ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു കേസുകളിലായി 255 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. ഡ്രൈവ് എഗെയ്ന്‍സ്റ്റ് ഡ്രഗ് മിഷന്റെ ഭാഗമായി 27 കേസുകളും സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതായി എ.സി.പി. കെ.ജി. സുരേഷ് അറിയിച്ചു. പിടിയിലായ പ്രതികള്‍ മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ചാവക്കാട് സി ഐ ശെൽവ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് വരുന്നതായും എ.സി.പി. പറഞ്ഞു.

Vadasheri Footer