ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയില്ല, കൗണ്‍സില്‍ നിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോക്ക് നടത്തി
ചാവക്കാട്: നഗരസഭ പരിധിയിലെ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ശനിയാഴ്്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. യു.ഡി.എഫ്.നേതാവ് കെ.വി.സത്താറാണ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തത് കൗണ്‍സില്‍യോഗത്തില്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ലെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
തെക്കഞ്ചേരിയില്‍ അനധികൃതമായി പ്രവൃത്തിക്കുന്ന ആക്രികടക്കെതിരെ 10 മാസം മുമ്പ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. പരാതി ഉന്നയിച്ചപ്പോള്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് ചെയര്‍പേഴ്‌സന്‍ ശനിയാഴ്ചത്തെ യോഗത്തിലും പറഞ്ഞതെന്ന് യു.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു. യു.ഡി.എഫ്. അംഗങ്ങളായ ബേബി ഫ്രാന്‍സീസ്, അസ്മത്തലി, ഫൈസല്‍ കാനാംമ്പുള്ളി, ഷാഹിദ മുഹമ്മദ്, ഷാഹിദ പേള, സുപ്രിയ രാമേന്ദ്രന്‍ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
എന്നാല്‍ യു.ഡി.എഫ്. അംഗങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യോഗത്തില്‍ അധ്യക്ഷയായ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് പറഞ്ഞു. നഗരസഭയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 35 കടകളില്‍ 22 എണ്ണത്തിന്റെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ അറിയിച്ചു.ബാക്കിയുള്ളവ നമ്പര്‍ ഇടാന്‍ പറ്റാത്തതായതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. നഗരസഭയില്‍ ചില കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചാലേ നടപടി എടുക്കാന്‍ കഴിയൂവെന്നും ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി.