Header 1 = sarovaram
Above Pot

ചാവക്കാട് കോടതി സമുച്ചയം: നിർമ്മാണോദ്ഘാടനം 29 ന്

ഗുരുവായൂർ : ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 29 ന് വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും.

37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജെ.എഫ്.സി.എം കോടതി, പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി ഉൾപ്പെടെ ഉൾകൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ഭാവിയിൽ കൂടുതൽ കോടതികൾ കൂടെ ഉൾക്കൊള്ളാനും സാധിക്കും. ബാര്‍ അസോസിയേഷന്‍ ഹാള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാള്‍, എന്നിവയും കെട്ടിടത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരിയിലെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കെട്ടിട നിര്‍മ്മാണ ചുമതല. 2025 ജനുവരി മാസത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

Astrologer

135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്.കേരള ഹൈക്കോടതിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള നാല് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും, ഒരു മുൻസിഫ് കോടതിയും, ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത് .ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി.

ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ 11 വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ല അതിർത്തി വരെ ചാവക്കാട് കോടതിയുടെ അധികാരപരിധി നീണ്ടുകിടക്കുന്നു.ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പോലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിയിലുണ്ട് .
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതി കൂടിയാണ് ചാവക്കാട് സിവിൽ കോടതി. കൂടാതെ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതും ഈ കോടതിയിലാണ്. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നതും ഈ കോടതിയിലാണ്.
എന്നാൽ ഈ രണ്ടു കോടതികളും തൃശ്ശൂരിൽ ആയതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.
പണമിടപാട് സംബന്ധിച്ച കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നത് ചാവക്കാട് പ്രദേശത്ത് നിന്നുമാണ്.

കേസുകൾ കൂടുതലായതിനാൽ ആയതിനനുസരിച്ചുള്ള അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശ്ശൂർ കോടതിയിലാണ്. അതിനാൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും അപ്പീലുകളും തീർപ്പാക്കാൻ പൊതുജനം 35 കിലോമീറ്റർ ദൂരമുള്ള തൃശ്ശൂർ കോടതിയെ ആണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതോടെ മേൽപറഞ്ഞ കോടതികളെല്ലാം ചാവക്കാട് സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ ട്രിബ്യൂണലുകൾ എറണാകുളത്തും, തിരുവനന്തപുരത്തും മാത്രമാണ് ഉള്ളത്.സെക്യൂരിറ്റിസേഷൻ (DRT),റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, വഖ്ഫ് ട്രിബ്യൂണൽ, എൽഎസ്ജിഡി ട്രിബ്യൂണൽ തുടങ്ങിയവ തീർപ്പാക്കുന്നതിന് വടക്കൻ കേരളത്തിലെ ജില്ലകൾ ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ രണ്ട് ജില്ലകളെയാണ്. ചാവക്കാട് മുൻസിഫ് കോടതിക്ക് പുതിയ കെട്ടിടം യാഥാർത്ഥമാകുന്നതോടെ ട്രിബ്യൂണലുകളുടെ പ്രവർത്തനം ആരംഭിക്കുവാനും സാധിക്കും.വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഇത്തരം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയൊരു യാത്രാസൗകര്യം ലഭ്യമാകും. അതിനുള്ള സ്ഥലസൗകര്യവും ചാവക്കാട് കോടതി അങ്കണത്തിലുണ്ട്

Vadasheri Footer